രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദം പൂര്‍ത്തിയായി; രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നല്‍കിയതെന്ന് രാഹുല്‍

ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യഹര്‍ജിയിലെ വാദം പൂര്‍ത്തിയായി. ഒന്നേകാല്‍ മണിക്കൂറാണു വാദം നീണ്ടത്. വാദം പൂര്‍ത്തിയായെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് രാഹുലും പരാതിക്കാരിയും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ പുറത്തിറക്കിയാണ് വാദം കേട്ടത്.
രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണ് യുവതി പരാതി നല്‍കിയതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസിനു പിന്നില്‍ സിപിഎം–ബിജെപി ഗൂഢാലോചനയാണ്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ഗര്‍ഭഛിദ്രം നടത്തിയത് യുവതിയാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും രാഹുല്‍ വാദിച്ചു.
യുവതി നല്‍കിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസില്‍ താന്‍ നിരപരാധിയാണെന്നുമാണ് രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. യുവതി വിവാഹിതയാണെന്നും ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണെന്നും രാഹുല്‍ പറയുന്നു. സ്വമേധയാ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിക്കുകയായിരുന്നുവെന്നും രാഹുല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കടുത്ത കുറ്റകൃത്യം നടന്നുവെന്നും ഒരു കാരണവശാലും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.
കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അറസ്റ്റിനുള്ള നീക്കം നടത്തിയതിന് പിന്നാലെയായിരുന്നു മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. പരാതിക്കാരിയുമായി തനിക്ക് ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നും പക്ഷേ യുവതി പറയുന്നതുപോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ ഹര്‍ജിയിലെ പ്രധാന വാദം. അന്വേഷണമായി സഹകരിക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം വലിയമല പൊലീസ് സ്‌റ്റേഷനിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നേമം പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയത്. ഇതുപ്രകാരം പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാം. കേസെടുത്തതിന് പിന്നാലെ രാഹുല്‍ ഒളിവില്‍ പോയിരുന്നു.
ഇന്നലെ രാഹുലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. കെ പി സി സിക്കാണ് യുവതി പരാതി നല്‍കിയത്. പരാതി പാര്‍ട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ പരാതിയില്‍ ഇന്ന് കേസെടുക്കും.
https://www.facebook.com/Malayalivartha



























