മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം അറിയാന്‍ നിര്‍ണ്ണായക പരിശോധന

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നിര്‍ണ്ണായകമായ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ പരിശോധന ഇന്ന് ആരംഭിച്ചു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ശാസ്ത്രീയ പഠനം നടക്കുന്നത്.
ചൊവ്വാഴ്ച മുതല്‍ 12 ദിവസം തുടരുന്ന ഈ പരിശോധനയിലൂടെ അണക്കെട്ടിന്റെ നിലവിലെ ഘടനാപരമായ സുരക്ഷയെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാന പരിശോധന ആരംഭിച്ചത്.
ROV പരിശോധന മുമ്പ്, 2011 മാര്‍ച്ചില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഉപകരണം തകരാറിലായതിനെ തുടര്‍ന്ന് മുടങ്ങുകയായിരുന്നു.
തുടര്‍ന്ന് 14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അണക്കെട്ടിന്റെ അടിത്തട്ടില്‍ വീണ്ടും പരിശോധന നടത്തുന്നത്. ഫ്രാന്‍സില്‍നിന്ന് എത്തിച്ച അത്യാധുനിക ഉപകരണങ്ങളാണ് നിലവിലെ പഠനത്തിനായി ഉപയോഗിക്കുന്നത്.
1200 അടി നീളമുള്ള അണക്കെട്ടിന്റെ ഘടന വിശദമായി പഠിക്കുന്നതിനായി പരിശോധന പല ഘട്ടങ്ങളായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍, അണക്കെട്ട് 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ചിത്രങ്ങള്‍ എടുക്കുന്നത്.
ഇത് പൂര്‍ത്തിയായാല്‍, 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് കൂടുതല്‍ സൂക്ഷ്മമായ പരിശോധന നടത്തും. ഏറ്റവും ഒടുവില്‍, അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതം ഭാഗിച്ച് ബലക്ഷയത്തിന്റെ സൂക്ഷ്മ വിവരങ്ങള്‍ ശേഖരിക്കും.
മുമ്പ് കേരളം നടത്തിയ ഒരു പഠനത്തില്‍, അണക്കെട്ടിലെ 110 അടിക്ക് താഴെയുള്ള ഭാഗങ്ങളില്‍ സിമന്റ് പ്ലാസ്റ്ററിങ് ഇളകിയതായും, സുര്‍ക്കി മിശ്രിതം നഷ്ടപ്പെട്ട് കരിങ്കല്ലുകള്‍ തെളിഞ്ഞ നിലയിലായതായും കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് തമിഴ്‌നാട് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല.
നിലവിലെ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമുള്ള പഠനത്തിന്റെ ഫലം ഇരു സംസ്ഥാനങ്ങള്‍ക്കും പ്രധാനപ്പെട്ടതാണ്. ശാസ്ത്രജ്ഞന്‍മാരായ പി. സെന്തില്‍, സി. വിജയ്, ഡോ. ജോയ് ലിംഗസാമി, ലാബ് അസിസ്റ്റന്റ് ദീപക് കുമാര്‍ ശര്‍മ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133.80 അടിയാണ്.
https://www.facebook.com/Malayalivartha

























