നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരെ അഭിനന്ദിച്ച് ഗവര്‍ണര്‍

നടുറോഡില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ കേരളത്തിന് അഭിമാനമാണെന്ന് ഗവര്‍ണര്‍. മൂന്ന് ഡോക്ടര്‍മാരെയും ഫോണില്‍ വിളിച്ചാണ് ഗവര്‍ണര്‍ അഭിനന്ദിച്ചത്. ഒപ്പം ലോക്ഭവനിലേക്ക് ക്ഷണിക്കുകയും ചെയ്തു. കൊല്ലം സ്വദേശി ലിനുവിനെയാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
അപകടത്തിലുണ്ടായ പരിക്കിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടതിനാലാണ് ഇയാള്‍ക്ക് അടിയന്തര ശസ്ത്രക്രിയ നല്‍കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ആവശ്യത്തിനുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമല്ലാതിരുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ സംഘടിപ്പിച്ചുനല്‍കിയ ബ്ലേയ്ഡും പേപ്പര്‍ സ്‌ട്രോയും ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
ആശുപത്രി ഡ്യൂട്ടിക്ക് ശേഷം ക്രിസ്മസ് ആഘോഷിക്കാനായി തെക്കന്‍ പറവൂരിലെ സെയ്ന്റ് ജോണ്‍സ് ദി ബാപ്റ്റിപസ് പള്ളിയിലേക്ക് പോകുകയായിരുന്നു ഡോക്ടര്‍ തോമസ് പീറ്ററും ഭാര്യ ദിദിയയും. പള്ളിയിലെത്തുന്നതിന് കുറച്ച് മുന്‍പായി അപകടത്തില്‍ പരിക്കേറ്റ് കിടക്കുന്ന യുവാക്കളെ കാണാന്‍ ഇടയായി. അതിലൊരാള്‍ ഗുരുതര പരിക്കുകളില്ലാതെ എഴുന്നേറ്റ് നില്‍ക്കുന്നുണ്ടായിരുന്നു. മറ്റൊരാളുടെ വായില്‍ നിന്ന് രക്തം വരുന്നുണ്ടെങ്കിലും അയാള്‍ സംസാരിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ലിനുവിന്റെ അവസ്ഥ ഗുരുതരമായിരുന്നു. മുഖത്തും മറ്റും പരിക്കേറ്റ് രക്തം വാര്‍ന്നുപോകുന്നുണ്ടായിരുന്നു. അയാളുടെ കഴുത്ത് ഒരാള്‍ പ്രത്യേക രീതിയില്‍ പിടിച്ചിരിക്കുന്നത് മാത്യുവും ദിദിയയും ശ്രദ്ധിച്ചു. പരിചരിക്കുന്ന രീതിയില്‍ നിന്ന് അതൊരു ഡോക്ടറാണെന്ന് ഇരുവര്‍ക്കും മനസിലായി. ആശുപത്രിയില്‍ എത്തുന്നതുവരെ യുവാവിന്റെ ജീവന്‍ നിലനില്‍ക്കില്ലെന്ന് മനസിലായതിനാല്‍ മൂന്ന് ഡോക്ടര്‍മാരും ചേര്‍ന്ന് റോഡരികില്‍ തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മൊബൈല്‍ വെളിച്ചത്തിലായിരുന്നു ശസ്ത്രക്രിയ.
https://www.facebook.com/Malayalivartha

























