നവകേരള സൃഷ്ടിയില്‍ എല്ലാ കേരളീയര്‍ക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി

കേരളസമൂഹത്തേയും സംസ്‌കാരത്തേയും സൃഷ്ടിക്കുന്നതിലും പുനഃസൃഷ്ടിക്കുന്നതിലും കേരളത്തിന് അകത്തുള്ളവര്‍ക്ക് എന്നപോലെ പുറത്തുള്ളവര്‍ക്കും വലിയ പങ്കുണ്ട്. അതുകൊണ്ട് കേരളത്തെ ലോക കേരളമായി പുനര്‍വിഭാവനം ചെയ്യേണ്ടതുണ്ട്. നവകേരള സൃഷ്ടിയില്‍ എല്ലാ കേരളീയര്‍ക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അകം കേരളവും പുറം കേരളവും തമ്മിലുള്ള ഒത്തൊരുമ വളര്‍ത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അവയുടെ എല്ലാം കേന്ദ്ര സ്ഥാനത്താണ് ലോക കേരള സഭയുടെ സ്ഥാനം. കാരണം അത് പ്രവാസി കേരളീയര്‍ക്ക് ഭാവി കേരളത്തേക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കാനുള്ള ജനാധിപത്യ വേദിയാണ്. നല്ല പൊതു അംഗീകാരം ഇപ്പോള്‍ വന്നു കഴിഞ്ഞു.
ലോക കേരള സഭയുടെ ആദ്യ സമ്മേളനം നടന്നപ്പോള്‍ അതിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നുവന്നിരുന്നു എന്നു നിങ്ങള്‍ക്കറിയാം. എതിര്‍പ്പും പരിഹാസവുമൊക്കെയുണ്ടായി. സഭയില്‍ പങ്കെടുക്കാനെത്തിയ ബഹുമാന്യരായ അംഗങ്ങളെ വളരെ മോശമായി ചിത്രീകരിക്കുന്ന നിലവരെയുണ്ടായി. ലോക കേരള സഭയോടുള്ള എതിര്‍പ്പിന്റെ കാര്യത്തിലും ഇപ്പോള്‍ നല്ല അയവ് വന്നിട്ടുണ്ട്. എന്നുമാത്രമല്ല, ലോക കേരള സഭയുടെ ഫലപ്രദമായ പ്രവര്‍ത്തനം അനുഭവങ്ങളിലൂടെ അറിയുന്ന ജനങ്ങള്‍ എതിര്‍പ്പുകളെ വകവെച്ചുകൊടുക്കില്ല എന്ന അവസ്ഥ ഉണ്ടാവുക കൂടി ചെയ്തു. ഇതും എതിര്‍പ്പു കുറയാന്‍ കാരണമാണ്. അടുത്ത കാലത്ത് കേന്ദ്ര സര്‍ക്കാര്‍ തന്നെ മറ്റ് സംസ്ഥാനങ്ങളോട് ലോക കേരള സഭ അനുകരണീയമായ മാതൃകയാണ് എന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി.
ചൈനയെപ്പോലെ ഇന്ത്യയും ലോകത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമുള്ള രാജ്യമാണ്. ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ചേര്‍ത്തു പിടിക്കാന്‍ തയ്യാറായാല്‍ അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാവും. പ്രവാസി ദിവസ് പോലെയുള്ള ചടങ്ങുകളെക്കാള്‍ കൂടുതല്‍ പ്രായോഗികമായി പ്രവാസികളെ ചേര്‍ത്തു പിടിക്കേണ്ട നടപടികള്‍ കാലം മാറുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനും സ്വീകരിക്കേണ്ടിവരും. ചൈനയുടെ അത്ഭുതകരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വളര്‍ച്ചയില്‍ ചൈനീസ് പ്രവാസിസമൂഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നും വലിയ തോതില്‍ വിദ്യാര്‍ത്ഥികളും, ഗവേഷകരും സാങ്കേതിക വിദഗ്ദ്ധരും പുറം രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. അതിന്റെ നഷ്ടം നികത്താനും പ്രവാസത്തെ അവസരമാക്കാനും ശ്രദ്ധേയമായ പല പരിപാടികളും ആരംഭിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ചൈനയുടെ 'ചുണ്‍ഹൂയ്' പദ്ധതി ഇക്കാര്യത്തില്‍ ലോക പ്രശസ്തമാണ്. വിദേശത്ത് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ജോലിക്കുമായി പോയ ചൈനാക്കാരെ താല്‍ക്കാലികമായോ സ്ഥിരമായോ തിരിച്ചെത്തിച്ച് പുതിയ സാങ്കേതികവിദ്യകളും വൈദഗ്ദ്ധ്യവും ആവശ്യമായ ഉത്പാദന മേഖലകള്‍ ആത്യ ന്തികമായി വികസിപ്പിക്കാനുള്ള പദ്ധതിയാണ് 'ചുണ്‍ഹൂയ് 7' പദ്ധതി. ചൈനയിലെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളെ ഈ പദ്ധതി വലിയ തോതില്‍ ഉത്തേജിപ്പിച്ചു എന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. ഈ പദ്ധതി ചൈനയിലെ ഗവേഷണ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും വലിയ നേട്ടമുണ്ടാക്കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.
'ചുണ്‍ഹൂയ്' പദ്ധതിക്ക് സമാനമായ നിര്‍ദേശങ്ങള്‍ ലോക കേരള സഭയിലും ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ അറിവും അനുഭവജ്ഞാനവും വൈദഗ്ദ്ധ്യവും വിജ്ഞാനസമൂഹമായി വളരാനുള്ള കേരളത്തിന്റെ പരിശ്രമത്തെ സഹായിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 202728 മുതല്‍ ആരംഭിക്കുന്ന കേരളത്തിന്റെ പതിനഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ പ്രവാസവുമായി ബന്ധപ്പെട്ട ഇത്തരം പ്രോജക്ടുകള്‍ ഉള്‍പ്പെടുത്താന്‍ കഴിയണം. ലോക കേരള സഭയുടെ നാലാം സമ്മേളനത്തില്‍ വന്ന നിര്‍ദേശങ്ങളെക്കുറിച്ചും എടുത്ത തുടര്‍ നടപടികളെക്കുറിച്ചും ഇവിടെ നടക്കുന്ന സഭാ സമ്മേളനം ചര്‍ച്ച ചെയ്യും എന്നതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല.
കഴിഞ്ഞ സമ്മേളനത്തില്‍ പ്രതിനിധികള്‍ മുമ്പോട്ടുവച്ച നിര്‍ദേശങ്ങളില്‍ നടപ്പാക്കാന്‍ സാധ്യമായ 28 എണ്ണം ലോക കേരള സഭാ സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുത്തു. അതില്‍ 10 എണ്ണം നടപ്പാക്കി. 13 എണ്ണം നടപ്പാക്കിവരുന്നു. 5 എണ്ണം വിദേശകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടവയാണ്. അതു ചെയ്തിട്ടുണ്ട്. പ്രവാസി മിഷന്‍ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചു. അത് ചെയ്തു. തിരിച്ചുവരുന്ന പ്രവാസികളുടെ സാമ്പത്തിക പുനഃസംയോജനം, സംരംഭകത്വം, നോര്‍ക്കയുടെ വികേന്ദ്രീകരണം, പുനരധിവാസ പദ്ധതികളുടെ ആസൂത്രണം, എന്നിവ മുന്‍നിര്‍ത്തിയുള്ളതാണ് മിഷന്‍. മറ്റൊന്ന് നോര്‍ക്കാ കെയര്‍ എന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ലോകമെങ്ങുമുള്ള പ്രവാസികള്‍ക്ക് ബാധകമാകുന്ന ഒന്നാണിത്. പ്രവാസി രംഗത്തെ ഏറ്റവും വലിയ ആഗോള പദ്ധതിയാണിത്.
വിദേശ റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു നോര്‍ക്ക പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നുണ്ട്. നിലവിലെ എന്‍ ആര്‍ ഐ പോലീസ് സ്‌റ്റേഷന് ഉപരിയായി നേരിട്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണിത്. പഠനസംബന്ധമായ സമഗ്ര ഓണ്‍ലൈന്‍ സംവിധാനം, സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ എന്നിവ പൂര്‍ത്തിയായി. വിദേശ രാജ്യങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ചു. ആദ്യ ഘട്ടത്തില്‍ കാനഡയിലെ അമ്പതില്‍പ്പരം സംഘങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് നോര്‍ക്ക കാനഡ കോഓര്‍ഡിനേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.
ഓണ്‍ലൈനിലൂടെയുള്ള സൗജന്യ മാനസികാരോഗ്യ കണ്‍സള്‍ട്ടേഷന്‍ സംവിധാനം, വികസന കാര്യങ്ങളില്‍ പ്രവാസി മലയാളി പ്രൊഫഷണലുകള്‍ക്ക് ഇടപെടാനുള്ള സംവിധാനം എന്നിവ ആരംഭിച്ചു. നോര്‍ക്ക പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് നടത്തി. നോര്‍ക്ക വിമന്‍ സെല്ലിന്റെ രൂപീകരണം അടക്കം വേറെയുമുണ്ട് നടപ്പാക്കിയ പദ്ധതികള്‍.
എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികളെ നിയന്ത്രിക്കുന്നതിനുള്ള ബില്ല് വേണമെന്ന നാലാം ലോക കേരള സഭയുടെ ആവശ്യം മുന്‍നിര്‍ത്തിയുള്ള നിയമനിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. പ്രതിനിധികള്‍ നേരിട്ട് സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. പ്രവാസത്തിന്റെ ഭാവിയെപ്പറ്റി ഒന്ന്‌രണ്ട് കാര്യങ്ങള്‍ കൂടി സൂചിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അനിശ്ചിതത്വം എല്ലാ കാലത്തും കുടിയേറ്റത്തിന്റെയും പ്രവാസത്തിന്റെയും ഭാഗമായിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, അനിശ്ചിതത്വം വരും ഘട്ടങ്ങളില്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കും എന്നാണ് സൂചന. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങള്‍ പൊതുവെയും കുടിയേറ്റ സമൂഹങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത വര്‍ദ്ധിക്കുന്നതായാണ് കാണുന്നത്.
പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കുടിയേറ്റ സമൂഹങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാവില്ല. എന്നാല്‍, അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സ്ഥിതി തുടരും. ഐക്യരാഷ്ട്ര സംഘടനയും മറ്റ് ആഗോള സംഘടനകളും സാര്‍വ്വദേശീയ കരാറുകളും ദുര്‍ബലമാവുകയാണ്. അന്തര്‍ദേശീയ വ്യവസ്ഥയ്ക്ക് നേതൃത്വം കൊടുത്തിരുന്ന വന്‍ശക്തി രാജ്യങ്ങള്‍ തന്നെ അതിനെ ദുര്‍ബലപ്പെടുത്തുന്നതായാണ് കാണുന്നത്. ലോകക്രമത്തിലെ ഈ ക്രമരാഹിത്യം പ്രവാസിസമൂഹത്തേയും പ്രതികൂലമായി ബാധിക്കും. പ്രവാസികളോടുള്ള സമീപനത്തില്‍ മാറ്റം വരുന്നു എന്നുതന്നെ കാണണം. അനിശ്ചിതത്വം വര്‍ദ്ധിക്കുന്ന ഇതുപോലെയുള്ള സന്ദര്‍ഭങ്ങളിലാണ് മാതൃരാജ്യത്തെ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നത്. അനിശ്ചിതത്വത്തില്‍ നിന്നും പ്രവാസിസമൂഹത്തെ രക്ഷിക്കാനും ചേര്‍ത്തുപിടിക്കാനുമുള്ള ഉത്തരവാദിത്വം രാജ്യത്തിനുണ്ട്. ആ ഒരു കടമയാണ് നമ്മുടെ സംസ്ഥാനം നിര്‍വഹിക്കുന്നത്.
ആതിഥേയ രാജ്യങ്ങള്‍ പ്രവാസികളുടെ മനുഷ്യാവകാശങ്ങളും തൊഴിലവകാശങ്ങളും നിഷേധിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്താനും ആവശ്യമെങ്കില്‍ എതിര്‍ക്കാനും ബാധ്യതയുണ്ട്. ഒപ്പം നാടുമായുള്ള ബന്ധം ശക്തമായി നിലനിര്‍ത്താന്‍ പ്രവാസികളും തയ്യാറാവണം. തിരിച്ചു നാട്ടില്‍ വരുമ്പോള്‍ പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ നാട്ടിലെ സര്‍ക്കാരുകള്‍ക്ക് കൃത്യമായ പദ്ധതികള്‍ ഉണ്ടാവണം. അതുപോലെ നാട്ടില്‍ വന്നാല്‍ നാട്ടിലെ ജീവിതവുമായി ഇഴുകിച്ചേര്‍ന്ന് ജീവിതം കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പ് പ്രവാസികളുടെ ഭാഗത്തും ഉണ്ടാവണം.
നാട്ടിലും പ്രവാസികള്‍ക്ക് ഒരു നിലപാടുതറ വേണം. നാടുമായിട്ടുള്ള ബന്ധം നിലനിര്‍ത്താനും കഴിവുള്ളവര്‍ ഇവിടെ നിക്ഷേപം നടത്താനും സംരംഭങ്ങള്‍ വികസിപ്പിക്കാനും ശ്രമിക്കാവുന്നതാണ്. അതിനു സഹായകരമായ നയങ്ങള്‍ ഇവിടെ സ്വീകരിക്കുന്നുണ്ട്. അത് സ്വീകരിക്കാന്‍ രാജ്യവും തയ്യാറാവണം. കേരള സര്‍ക്കാരിന്റെ എല്ലാ വികസനക്ഷേമ വകുപ്പുകളും പ്രാദേശിക ഗവണ്‍മെന്റുകളും പ്രവാസിമിഷന്‍ പോലെയുള്ള സംവിധാനവുമായി സഹകരിക്കും. പ്രവാസിമിഷന്‍ എല്ലാ പുനരധിവാസ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കും.
https://www.facebook.com/Malayalivartha

























