കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് സംസ്ഥാന ബജറ്റ് കരുത്തേകും: കെഎസ്‌യുഎം സിഇഒ അനൂപ് അംബിക

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതല്‍ മികവുറ്റതാക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ബജറ്റില്‍ 99.5 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. മൂന്ന് പുതിയ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.
ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് കരുത്തേകുന്നതാണെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പുത്തന്‍ ആശയങ്ങള്‍ക്കും പ്രോത്സാഹനം നല്കുന്ന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍നിര പദ്ധതികളിലൊന്നായ ഫണ്ട് ഓഫ് ഫണ്ടിന് ബജറ്റ് വിഹിതമായി മൂന്ന് കോടി രൂപയും അധിക വിഹിതമായി 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ (വിസി) കൂടുതലായി ലഭ്യമാകുന്നതിന് ഇത് സഹായകമാണ്.
കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മുതിര്‍ന്ന പൗരന്‍മാരെ സജീവ പങ്കാളികളാക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ന്യൂ ഇന്നിംഗ്സ് എന്ന നൂതന പദ്ധതിയ്ക്ക് നാല് കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്. സംരംഭകത്വം, മെന്‍റര്‍ഷിപ്പ്, കണ്‍സള്‍ട്ടിംഗ് തുടങ്ങിയ മേഖലകളില്‍ മുതിര്‍ന്ന പൗരന്‍മാരുടെ അറിവും അനുഭവപരിചയവും മുതല്‍ക്കൂട്ടാകുന്ന പദ്ധതിയാണിത്.
കൊച്ചിയില്‍ കള്‍ച്ചര്‍ ആന്‍റ് ക്രിയേറ്റിവിറ്റി ഇന്‍കുബേറ്റര്‍ സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ വകയിരുത്തിയത് ശ്രദ്ധേയം. മ്യൂസിയങ്ങള്‍, ഉത്സവങ്ങള്‍, ദൃശ്യകലകള്‍, കരകൗശല വസ്തുക്കള്‍, ഡിസൈന്‍, എആര്‍/ വിആര്‍/ എക്സ്ആര്‍, ക്രിയേറ്റീവ് സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെ കള്‍ച്ചര്‍-ക്രിയേറ്റിവിറ്റി മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളേയും സംരംഭകരേയും ഈ ഇന്‍കുബേറ്റര്‍ പിന്തുണയ്ക്കും.
കൊട്ടാരക്കര എഴുകോണ്‍ ഗ്രാമപഞ്ചായത്തില്‍ രേഷ്മ എന്ന യുവസംരംഭക നേതൃത്വം നല്കുന്ന 'ടോക്കോ ചിപ്സ്' എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പരാമര്‍ശിച്ചത് ശ്രദ്ധേയം.
https://www.facebook.com/Malayalivartha

























