സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ

എല്‍.ഡി.എഫ് സര്‍ക്കാര്‍ 120 മാസം ഭരിച്ചിട്ടും ഭരണത്തിന്റെ അവസാന മാസം സ്ത്രീ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സ്ത്രീകളെ പറ്റിക്കാനെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും ആദ്യഘട്ട ധനസഹായ വിതരണവും നടത്തിയത് 2026 ഫെബ്രുവരി 11-നാണ്. അതായത് മാര്‍ച്ച് 16-ന് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പാണ് ഇതെല്ലാം ചെയ്തത്. ഫെബ്രുവരിയിലെയും മാര്‍ച്ചിലെയും ധനസഹായം അനുവദിച്ചത് മാര്‍ച്ച് 16നാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതും അതേ ദിവസമാണ്.
ഒരു തയാറെടുപ്പും ഇല്ലാതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ഫീല്‍ഡ് ലെവല്‍ പരിശോധന നടന്നിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. 31.34 ലക്ഷം പേരെയാണ് ഇതില്‍ ഗുണഭോക്താക്കളായി ആദ്യം കണക്കാക്കിയത്. എന്നാല്‍ പിന്നീട് ഇത് 16.4 ലക്ഷമായി നിജപ്പെടുത്തി. പദ്ധതി പരിശോധിക്കാതെയും ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത രീതി സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കാതെയും സ്ത്രീസുരക്ഷാ പദ്ധതി തുടരുമോയെന്ന് പറയാന്‍ സാധിക്കില്ല.
ഈ ബജറ്റില്‍ പദ്ധതിക്കായി 1950 കോടി വകയിരുത്തിയിട്ടുണ്ട്. പദ്ധതി വേണ്ടെന്നു തീരുമാനിച്ചിട്ടില്ലെങ്കിലും അതേക്കുറിച്ച് പരിശോധിക്കും. വളരെ കുറഞ്ഞ ദിവസത്തിനുള്ളില്‍ പഞ്ചായത്ത് സെക്രട്ടറിയോ കോര്‍പറേഷന് സെക്രട്ടറിയോ ആണ് ആപേക്ഷകള്‍ സ്വീകരിച്ച് തീരുമാനം എടുത്തത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നുണ്ടോയെന്ന കൃത്യമായ പരിശോധനകള്‍ പോലും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല.
പിണറായി സര്‍ക്കാര്‍ 120 മാസമാണ് സംസ്ഥാനത്ത് അധികാരത്തില്‍ ഇരുന്നത്. അതായത് പത്തു വര്‍ഷം. എന്നിട്ടും നൂറ്റി ഇരുപതാമത്തെ മാസം പ്രഖ്യാപിച്ച പദ്ധതിയാണിത്. ഞങ്ങളുടെ പ്രകടനപത്രികയില്‍ ഉണ്ടെന്നാണ് പറയുന്നത്. പ്രകടനപത്രിയിലുള്ളത് സര്‍ക്കാര്‍ തുടങ്ങുമ്പോഴാണോ, അതോ പോകുന്ന പോക്കിലാണോ നടപ്പാക്കുന്നത്. 2500 രൂപ സാമൂഹിക സുരക്ഷാപെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞാണ് നിങ്ങള്‍ വോട്ട് തേടി അധികാരത്തില്‍ എത്തിയത്. എന്നിട്ടും നാലേമുക്കാല്‍ വര്‍ഷവും ഒരു രൂപ പോലും കൂട്ടിക്കൊടുത്തില്ല. തിരഞ്ഞെടുപ്പിന്റെ തൊട്ട് മുന്‍പ് 400 രൂപ കൂട്ടി 2000 ആക്കിക്കൊടുത്തു. പോകുന്ന പോക്കിലാണോ പ്രകടനപത്രിക നടപ്പാക്കുന്നത്. ഞങ്ങള്‍ അധികാരത്തിലെത്തി ആദ്യ മാസം തന്നെ സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പിലാക്കി. അതു സംബന്ധിച്ച തീരുമാനം ആദ്യ ക്യാബിനറ്റില്‍ എടുത്തു.
https://www.facebook.com/Malayalivartha






















