ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി

പ്രസവത്തിനിടെ ഗര്‍ഭസ്ഥ ശിശു മരിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി. ഡോ.ബിന്ദു സിസേറിയന്‍ നടത്തിയപ്പോഴാണ് തനിക്കു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നു നെടുമങ്ങാട് സ്വദേശി ഹസ്‌ന ഫാത്തിമ (23) മാധ്യമത്തിനോട് പറഞ്ഞു.
ജനനേന്ദ്രിയത്തില്‍ മുറിവുണ്ടാക്കിയപ്പോള്‍ മലാശയം കൂടി മുറിഞ്ഞു. പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വേദന മാറാത്തതിനാല്‍ വീണ്ടും ആശുപത്രിയിലെത്തി. വേദനകൊണ്ട് കരഞ്ഞപ്പോള്‍ ഡോ.ബിന്ദു അഹങ്കാരി എന്നു വിളിച്ചു. 2,000 രൂപ കൈക്കൂലി കൊടുത്തപ്പോഴാണ് മുറിവില്‍ മരുന്നു വച്ചത്. മലാശയം മുറിഞ്ഞതിനെ തുടര്‍ന്ന് 5 ശസ്ത്രക്രിയ നടത്തേണ്ടിവന്നു.
2025 ജൂണ്‍ 19നായിരുന്നു പ്രസവം. മലാശയം 2.7 സെന്റീമീറ്റര്‍ മുറിഞ്ഞു. യാത്ര ചെയ്തതിനാലാണ് മുറിവുണ്ടായതെന്നാണ് ഡോ. ബിന്ദു പറഞ്ഞത്. ഒടുവില്‍ ഗുരുതരാവസ്ഥയിലായപ്പോള്‍ മെഡിക്കല്‍ കോളജിലേക്കു വിട്ടു. അവിടെ മാത്രം 6 ലക്ഷം ചെലവായി. ചികിത്സയ്ക്കായി ഭര്‍ത്താവിന്റെ ഓട്ടോ വിറ്റു, ലോണെടുത്തു. ശരീരത്തിനു പുറത്തുപിടിപ്പിച്ച ബാഗിലൂടെയാണ് ഇപ്പോള്‍ മലവിസര്‍ജനം. മകനെ ഒന്നെടുക്കാന്‍ പോലും കഴിയില്ല. മകന്റെ നൂലുകെട്ടും കാണാനായില്ല. ഹസ്‌നയുടെ പരാതിയില്‍ ആരോഗ്യ വകുപ്പ് നടപടിയെടുത്തില്ല. അതിനിടെയാണ്, പ്രസവത്തിനിടെ വിതുര സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് മരിച്ച കേസില്‍ ഡോ. ബിന്ദു സസ്‌പെന്‍ഷനിലായത്.
ശസ്ത്രക്രിയയ്ക്കു വിധേയയായതോടെ ജനനേന്ദ്രിയത്തിലൂടെ ശരീരവിസര്‍ജ്യം പുറത്തേക്കു പോകാന്‍ തുടങ്ങി അതീവ ദുരിതാവസ്ഥയിലായി. ഇതിനു പരിഹാരമായി 'സ്‌റ്റോമ ബാഗ്' വയറിനു പുറത്ത് ഘടിപ്പിച്ച് വിസര്‍ജ്യവസ്തുക്കള്‍ പുറത്തെടുക്കാമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശം. ജൂലൈ 30ന് സ്‌റ്റോമ ബാഗ് ശരീരത്തില്‍ ഘടിപ്പിച്ചു. എന്നിട്ടും ജനനേന്ദ്രിയത്തില്‍ കൂടി വിസര്‍ജ്യം പുറത്തുവരുന്നതു തുടര്‍ന്നു. കുഞ്ഞിനു പാല്‍ കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി.
സിസേറിയന്‍ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റി 3 ദിവസം കഴിഞ്ഞപ്പോഴാണു തുന്നല്‍ ഇട്ട ഭാഗത്തു കൂടിയാണ് വിസര്‍ജ്യം പോകുന്നതെന്നു തിരിച്ചറിയുന്നത്. മുറിവ് ഉണങ്ങുമ്പോള്‍ ശരിയാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ, മുറിവ് ഉണങ്ങിയില്ല. പത്താം നാള്‍ ഡിസ്ചാര്‍ജ് ചെയ്തു വീട്ടില്‍ എത്തിയപ്പോഴും സ്ഥിതി തുടര്‍ന്നു. ഒപ്പം കടുത്ത വേദനയും.
ഒരാഴ്ച കഴിഞ്ഞു ഡോക്ടറെ കണ്ടപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ജൂലൈ 14ന് ഡോക്ടര്‍ തന്നെ ആംബുലന്‍സ് വിളിച്ച് യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്നാണ് സ്‌റ്റോമ ബാഗ് ഘടിപ്പിച്ചത്. സിസേറിയന്‍ സമയത്തു ജനനേന്ദ്രിയത്തിന്റെ ഭാഗത്തുണ്ടാക്കിയ മുറിവു ഭേദമായാല്‍ അതുവഴി വിസര്‍ജ്യം പുറത്തു വരുന്നതു നിലയ്ക്കും. എന്നിട്ട് ബാഗ് മാറ്റുമ്പോള്‍ വിസര്‍ജ്യം സാധാരണരീതിയില്‍ പുറത്തുപോകേണ്ടതാണ്. അതിനായി മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ഒക്ടോബര്‍ 22നു യുവതിക്ക് പ്ലാസ്റ്റിക് സര്‍ജറി നടത്തി. എന്നാല്‍ അതു ഫലം ചെയ്തില്ല. തുടര്‍ന്ന് കുടലിന്റെ കൂടുതല്‍ ഭാഗം ശരീരത്തിന് പുറത്തു വയ്ക്കാനുള്ള ശസ്ത്രക്രിയ നവംബര്‍ 5ന് ചെയ്തു. 11നു വീട്ടില്‍ എത്തിയിട്ടും വേദന കുറഞ്ഞില്ല. ഡിസംബര്‍ 6നു വീണ്ടും അഡ്മിറ്റ് ആയി. 23 വരെ ആശുപത്രിയില്‍ തുടര്‍ന്നെങ്കിലും പരിഹാരമായില്ല.
ജനനേന്ദ്രിയഭാഗത്ത് വീണ്ടും പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്നും അതിനു 3 മാസം കാത്തിരിക്കണമെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. അതുവരെ വേദന സഹിക്കണമെന്നും പറഞ്ഞാണ് ഡിസ്ചാര്‍ജ് ചെയ്തത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വയറിന്റെ ഇടതു ഭാഗത്ത് കൂടി പഴുപ്പ് ഒലിക്കാന്‍ തുടങ്ങി. അസഹ്യമായ വേദന കാരണം യുവതി കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അവിടെ വീണ്ടും ശസ്ത്രക്രിയ ചെയ്ത് സ്‌റ്റോമ ബാഗിന്റെ സ്ഥാനം മാറ്റി. ഇനിയും ചികിത്സ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. സ്വകാര്യ ആശുപത്രിയില്‍ തുടര്‍ ചികിത്സയ്ക്കു പണമില്ലാതെ വലയുകയാണ് യുവതിയുടെ കുടുംബം.
https://www.facebook.com/Malayalivartha
























