പരവൂര്‍ വെടിക്കെട്ട് ദുരന്തം സി.ബി.ഐ. അടക്കം ഏത് എജന്‍സി അന്വേഷിക്കുന്നതിനും വിരോധമില്ലെന്ന് മുഖ്യമന്ത്രി

പരവൂര്‍ വെടിക്കെട്ടപകടം സി.ബി.ഐ. അന്വേഷണത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി. സിബിഐ അടക്കം ഏത് ഏജന്‍സി അന്വേഷിക്കുന്നതിനും വിരോധമില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യം ആലോചിച്ചു തീരുമാനിക്കും. ഇന്നു ചേരുന്ന സര്‍വകക്ഷിയോഗത്തിലെ ചര്‍ച്ചയ്ക്കുശേഷം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും.
തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കുന്ന കാര്യവും സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായി വെടിക്കെട്ട് വേണമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പരവുര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ഒഴിവാക്കണമെന്നു ശക്തമായി വാദിക്കുന്നവരുമുണ്ട്. ഇതെല്ലാം സര്‍വകക്ഷി യോഗത്തില്‍ ആലോചിക്കും. അതിലുണ്ടാകുന്ന തീരുമാനം ഹൈക്കോടതിയെ അറിയിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് എല്ലാ പാര്‍ട്ടികളുടെയും അഭിപ്രായം തേടുന്നത്.
പരവൂര്‍ അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
റവന്യു മന്ത്രി അടൂര്‍ പ്രകാശ്, തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എന്നിവരടങ്ങിയ ഉപസമിതി ഇന്ന് ദുരന്ത പ്രദേശം സന്ദര്‍ശിക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതുവരെ പ്രാധാന്യം നല്‍കിയത്. നാശനഷ്ടം വിലയിരുത്തി ആവശ്യമായ സഹായം നല്‍കാനാണ് ഇനിയുള്ള ശ്രമം. വീടുകള്‍ക്കും കിണറുകള്‍ക്കും നാശനഷ്ടമുണ്ടായി. വ്യാപക കൃഷിനാശവും ഉണ്ടായി. പലര്‍ക്കും കേള്‍വിക്കുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. സംഭവസ്ഥലത്ത് സന്ദര്‍ശനം നടത്തുന്ന ഉപസമിതിയോടൊപ്പം ഉദ്യോഗസ്ഥരുമുണ്ടാകും. പ്രദേശവാസികളെ നേരില്‍കണ്ട് ആരോഗ്യപരിരക്ഷ ആവശ്യമായവരുടെ വിവരമടക്കം സമഗ്രമായ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും. ഇതനുസരിച്ചാകും തീരുമാനങ്ങളെടുക്കുക.
തുറന്ന കിണറുകള്‍ മലിനമായതു കണക്കിലെടുത്ത് ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























