മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന കരാറുകാരന്‍ സതീശന്‍ (46) മരിച്ചു. തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ സതീശന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കും. പരിക്കേറ്റവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയും നല്‍കും. കേന്ദ്രസഹായം ഉള്‍പ്പെടെ മറ്റ് സഹായങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.
പിതാവ് മണിപാപ്പന്റെ പാത പിന്തുടര്‍ന്നാണ് സതീശന്‍ വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വര്‍ഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസന്‍സിയായിരുന്നു മണിപാപ്പന്‍. 2024ല്‍ തൃശൂര്‍ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ടൊരുക്കിയത് സതീശനായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ടൊരുക്കിയത്. ഉത്രാളിക്കാവ്, കുറ്റിയങ്കാവ് പൂരങ്ങളിലെ വെടിക്കെട്ടുകള്‍ ചെയ്ത് കൈവഴക്കം വന്ന വ്യക്തിയായിരുന്നു. മാത്രമല്ല, തൃശൂരിലും മറ്റ് പ്രദേശങ്ങളിലും പ്രധാന പൂരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നതും സതീശനായിരുന്നു. മണി ഫയര്‍വര്‍ക്‌സ് എന്ന പേരിലായിരുന്നു വെടിക്കെട്ട് നിര്‍മാണ ശാലയുടെ ലൈസന്‍സ് എടുത്തിരിക്കുന്നത്.
ദുരന്തത്തില്‍ മരിച്ച ഒമ്പതുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കഴിഞ്ഞദിവസം ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. മറ്റൊരു മൃതദേഹം തിരിച്ചറിയാനാകാത്ത വിധത്തിലാണെങ്കിലും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി. നാലുപേരെ അപകടശേഷം കാണാതായിട്ടുണ്ട്.
https://www.facebook.com/Malayalivartha






















