എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി

വെയിലത്ത് പാര്‍ക്ക്‌ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കനത്തചൂടില്‍ കത്തിനശിച്ചു. പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. സീറ്റിന്റെ അപ്‌ഹോള്‍സ്റ്ററി ഏറക്കുറെ മുഴുവനായും കത്തിനശിച്ച നിലയിലാണ്. ഉച്ചയോടെ സീറ്റില്‍ തീ പടരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് തീയണച്ചത്. ബൈക്കിന്റെ മറ്റുഭാഗങ്ങളിലേക്ക് തീ പടരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സമീപത്ത് മറ്റ് നിരവധി ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നു.
കരിമുകള്‍ സ്വദേശി അയ്യപ്പന്‍ എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്കിനാണ് തീ പിടിച്ചത്. പാര്‍ക്കിംഗ് സ്ഥലത്ത് ബൈക്ക് നിറുത്തിയിട്ടശേഷം ഇയാള്‍ മറ്റൊരിത്തേക്ക് പോയതായിരുന്നു. കടുത്ത ചൂടുമൂലം സീറ്റ് കത്തിയെന്നാണ് ഇപ്പോഴത്തെ നിഗമനം. തീപിടിക്കാനുള്ള കാരണം വ്യക്തമാകാന്‍ പൊലീസ് കൂടുതല്‍ പരിശോധന നടത്തുകയാണ്.
അതേസമയം തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാദ്ധ്യതാ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരുകയാണ്. മറ്റ് ജില്ലകളിലും സാധാരണയെക്കാള്‍ 4 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യം തുടരുകയാണ്.
https://www.facebook.com/Malayalivartha






















