കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം

കോണ്‍ഗ്രസ് നേതാക്കള്‍ക്കിടെയിലെ മുഖ്യമന്ത്രി പോരില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ച് വിക്കിപീഡിയ. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജില്‍ 13ാമത് കേരള മുഖ്യമന്ത്രിയെന്ന വിവരണം പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്. വിമര്‍ശനമുയര്‍ന്നതോടെ വിവരണം നീക്കം ചെയ്യപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രി ചര്‍ച്ചകളോട് താത്പര്യമില്ലെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. താത്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടേയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.
നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ 'നിയുക്ത മുഖ്യമന്ത്രി' എന്നുവിശേഷിപ്പിച്ച് ഫ്‌ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നത് വിവാദമായിരുന്നു. മലപ്പുറം കാലടി പഞ്ചായത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പാറപ്പുറം കൂട്ടായ്മയുടെ പേരിലാണ് ഫ്‌ലെക്‌സ് വച്ചിരിക്കുന്നത്. 'നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങള്‍' എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പല നേതാക്കളുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇവരെ അനുകൂലിക്കുന്നവര്‍ സോഷ്യല്‍ മീഡിയയിലും അല്ലാതെയും പോസ്റ്ററുകള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. ജനനായകന്‍ വീഡിയോക്ക് പിന്നാലെ പോഡ്കാസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കേരള യാത്ര എന്ന പേരിലാണ് പോഡ്കാസ്റ്റ് തുടങ്ങിയത്. കെഎസ്‌യു കാലം മുതലുള്ള രമേശ് ചെന്നിത്തലയുടെ ജീവിതമാണ് വീഡിയോയില്‍ അവതരിപ്പിച്ചിരുന്നത്. 'കേരളത്തെ ആര്‍സി നയിക്കട്ടെ' തുടങ്ങിയ പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















