രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്

രാജ്യസഭാംഗമായ രാഘവ് ഛദ്ദ ഉള്‍പ്പെടെ മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടിവിട്ട് ബിജെപിയിലേക്ക്. രാജ്യസഭാംഗങ്ങളായ അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവരാണ് മറ്റ് രണ്ടുപേര്‍. ഇത് ആം ആദ്മിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് എംപിമാരും തങ്ങള്‍ക്കൊപ്പമാണെന്ന് മൂന്ന് നേതാക്കളും പറഞ്ഞു. രാജ്യസഭയില്‍ ആകെ പത്ത് അംഗങ്ങളാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. ഇതില്‍ സ്വാതി മാലിവാള്‍, ഹര്‍ഭജന്‍ സിംഗ്, രജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് രാഘവ് ഛദ്ദ പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി പാര്‍ട്ടിയില്‍ നിന്ന് ചില എംപിമാര്‍ വിട്ടുനില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാര്‍ട്ടിയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ആം ആദ്മി മാറ്റിയിരുന്നു. രാഘവ് ഛദ്ദ പാര്‍ട്ടി വിട്ട് ബിജെപിയില്‍ പോവുകയാണെന്നും ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്നുമുള്ള ശക്തമായ ആരോപണം ആം ആദ്മി ഉയര്‍ത്തിയിരുന്നു.
അരവിന്ദ് കേജ്‌രിവാളിനൊപ്പം പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു രാഘവ് ഛദ്ദ. പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് സന്ദീപ് പഥക്. കെജ്‌രിവാള്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.
ജീവിതത്തിലെ 15 വര്‍ഷം ആം ആദ്മിക്കായി നല്‍കി. എന്നാല്‍, പാര്‍ട്ടി ഇപ്പോള്‍ സത്യസന്ധതയില്‍ നിന്ന് ഒരുപാട് അകന്നുപോയിരിക്കുന്നു എന്നാണ് രാഘവ് ഛദ്ദ പറഞ്ഞത്. തെറ്റായ പാര്‍ട്ടിയിലെ ശരിയായ ആളാണ് താനെന്നും, പാര്‍ട്ടിയില്‍ നിന്ന് മാറി ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയാണെന്നും രാഘവ് പറഞ്ഞു. ഡല്‍ഹിയില്‍ അധികാരം നേടാന്‍ സഹായിച്ച അഴിമതി വിരുദ്ധ നിലപാടുകളില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചുവെന്നും രാഘവ് പറഞ്ഞു.
നേതാക്കളുടെ രാജിക്ക് പിന്നാലെ പ്രതികരണവുമായി എഎപി നേതാവ് സഞ്ജയ് സിംഗ് വാര്‍ത്താസമ്മേളനം നടത്തി. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കീഴിലുള്ള ഭാരതീയ ജനതാ പാര്‍ട്ടി 'ഓപ്പറേഷന്‍ ലോട്ടസ്' ആരംഭിച്ചിട്ടുണ്ടെന്നും ഇത് വിലകുറഞ്ഞ രാഷ്ട്രീയ രീതിയാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha






















