ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അനുമതിയില്ലാതെ പറന്നത്.. അതീവ ഗുരുതരമായ സുരക്ഷാലംഘനമെന്ന് റിപ്പോര്‍ട്ട്..നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ക്ഷേത്രത്തിന് മുകളിലെത്തിയത്..

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അനുമതിയില്ലാതെ പറന്നത് അതീവ ഗുരുതരമായ സുരക്ഷാലംഘനമെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ ശബരിമല സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ എ.ഡി.ജി.പി. എസ്. ശ്രീജിത്ത് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് കൈമാറും. പമ്പ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് വി.വി.ഐ.പി.കളുടെ ഹെലികോപ്റ്ററുകള്‍ ഇറങ്ങാന്‍ പോലും മുന്‍കൂര്‍ അനുമതി വേണമെന്നിരിക്കെ,
നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് മുകളിലെത്തിയത്.2024-ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം നിലയ്ക്കല്‍, പമ്പ, സന്നിധാനം മേഖലകളില്‍ ആകാശനിരീക്ഷണത്തിന് കേരള പോലീസിന് മാത്രമാണ് അനുമതിയുള്ളത്. മറ്റേതെങ്കിലും ഏജന്‍സിക്ക് ഇതിന് അനുമതി വേണമെങ്കില്‍ ഡി.ജി.പി.യെ മുന്‍കൂട്ടി അറിയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഡി.ജി.പി.യോ ശബരിമലയുടെ ചുമതലയുള്ള എ.ഡി.ജി.പി. എസ്. ശ്രീജിത്തോ ഇക്കാര്യം അറിഞ്ഞിരുന്നില്ല.സംഭവത്തെക്കുറിച്ച് ശബരിമല സ്പെഷ്യൽ കമ്മിഷണർ
ആർ. ജയകൃഷ്ണൻ, എ.ഡി.ജി.പി. യോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സന്നിധാനത്തെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പരിഭ്രാന്തി പരത്തികോസ്റ്റ് ഗാര്‍ഡിന്റെ സി.ജി. 821 ഹെലികോപ്റ്റര്‍ എത്തിയത്. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുനിന്ന് പറന്നെത്തിയ ഹെലികോപ്റ്റര്‍ ആദ്യം വട്ടമിട്ട ശേഷം രണ്ടാമത്തെ വരവില്‍ കൊടിമരത്തിന് തൊട്ടുമുകളില്‍ 10 മീറ്ററോളം മാത്രം ഉയരത്തില്‍ പത്ത് സെക്കന്‍ഡോളം നിശ്ചലമായി നിന്നു.
ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് സേനാംഗങ്ങളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ ശ്രീകോവിലിന്റെയും പരിസരത്തിന്റെയും വീഡിയോ പകര്‍ത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.കാലാവസ്ഥ മോശമായതിനാലാണ് ഹെലികോപ്റ്റര്‍ സന്നിധാനത്തിന് മുകളിലെത്തിയതെന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ പ്രാഥമിക വിശദീകരണം. കൊച്ചിയില്‍നിന്ന് തെക്കുദിശയിലേക്ക് സാധാരണ നടത്തുന്ന പരിശീലനപ്പറക്കലിനിടെ ആകാശം മേഘാവൃതമായപ്പോള്‍ ദിശ തെറ്റിയതാണെന്ന് അവര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഈ വാദം എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ടില്‍ തള്ളുകയാണ്.
https://www.facebook.com/Malayalivartha

























