സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...

ജീവിതം പോലും വഴിതെറ്റിക്കുന്ന ലഹരി വസ്തുക്കളെക്കുറിച്ച് യുവജനങ്ങള്‍ക്ക് വേണ്ടത്ര അറിവില്ലെന്നതാണ് വന്‍തോതിലുള്ള ലഹരി ഉപയോഗത്തിന്റെ യഥാര്‍ത്ഥ കാരണം. കേവലം ഒരു വിനോദത്തിന് വേണ്ടി ആരംഭിക്കുന്ന പല ശീലങ്ങളും പിന്നീട് ഒഴിവാക്കാനാവാത്ത ലഹരിയോടുള്ള അടിമത്തമായി മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.'ഞാന്‍ അമ്മയെ കൊന്നു, എനിക്കിനി അച്ഛനെയും കൂടി കൊല്ലണം...' ലഹരിയുടെ വിഭ്രാന്തിയില്‍ സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി പറഞ്ഞ ഈ വാക്കുകള്‍ കേട്ട് നടുങ്ങിയിരിക്കുകയാണ് താന്നിക്കുന്നിലെ ഗ്രാമവാസികള്‍. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമായ ഗീതമ്മയെ (50) മകന്‍ ക്രിസ്റ്റി (25) ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍,
അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊലപാതകത്തിന് ശേഷം ചോരപുരണ്ട വസ്ത്രങ്ങളുമായി സ്റ്റേഷനിലെത്തിയ ക്രിസ്റ്റിയുടെ മൊഴികളും അയല്‍വാസിയുടെ വെളിപ്പെടുത്തലുകളും ലഹരി ഒരു മനുഷ്യനെ എത്രത്തോളം മൃഗമാക്കുമെന്നതിന്റെ തെളിവായി മാറുന്നു.വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ ദാരുണമായി കൊല്ലപ്പെടുന്നത്. കൃത്യം നടത്തിയ ശേഷം ഒട്ടും ഭയമില്ലാതെ വീടിന് പുറത്തിറങ്ങിയ ക്രിസ്റ്റി, അയല്‍വാസിയായ നിപുനോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. 'എന്നെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവിടാമോ, ഞാന്‍ അമ്മയെ കൊന്നു'
എന്ന് ക്രിസ്റ്റി പറഞ്ഞപ്പോള്‍ ആദ്യം തമാശയാണെന്നാണ് നിപുന്‍ കരുതിയത്. എന്നാല്‍ ക്രിസ്റ്റിയുടെ കൈകളിലെ ചോരപ്പാടുകളും വസ്ത്രത്തിലെ ചോരമണവും കണ്ട് നിപുന്‍ നടുങ്ങി. യാത്രയ്ക്കിടയില്‍ അച്ഛന്‍ തങ്കച്ചനെയും വകവരുത്തണമെന്നും തന്നെ ഇങ്ങനെയാക്കിയത് വീട്ടുകാരാണെന്നും ക്രിസ്റ്റി ആക്രോശിച്ചതായിനിപുന്‍ പോലീസിന് മൊഴി നല്‍കി.ബംഗളൂരുവില്‍ ബി.സി.എ വിദ്യാര്‍ത്ഥിയായിരുന്ന ക്രിസ്റ്റി, അവിടെ വെച്ചാണ് മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമയായത്. ലഹരിയുടെ ഉപയോഗം കൂടിയതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. മകനെ ഈ നരകത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഗീതമ്മയും കുടുംബവും കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. എന്നാല്‍, ലഹരി വാങ്ങാന്‍ പണം ചോദിച്ചുള്ള തര്‍ക്കങ്ങള്‍ വീട്ടില്‍ നിത്യസംഭവമായി.
മകനെ നേരായ വഴിക്ക് നടത്താന്‍ അമ്മ നല്‍കിയ ഉപദേശങ്ങള്‍ ക്രിസ്റ്റിക്ക് 'തീരാപ്പക'യായി മാറുകയായിരുന്നു.നാട്ടുകാര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും എപ്പോഴും പുഞ്ചിരിയോടെ മാത്രം സംസാരിക്കുന്ന പ്രിയപ്പെട്ടവളായിരുന്നു ഗീതമ്മ. കുടുംബത്തിന് താങ്ങായി 'മൊണാലിസ' എന്ന പേരില്‍ ബ്യൂട്ടി പാര്‍ലറും തയ്യല്‍ കേന്ദ്രവും നടത്തിവന്ന അവര്‍, ഏക മകനെ നല്ല നിലയിലെത്തിക്കാന്‍ കാണാത്ത വഴിപാടുകളില്ല. മകളെ വിവാഹം കഴിപ്പിച്ചു വിട്ട ശേഷം ക്രിസ്റ്റിയെ മാറ്റിയെടുക്കാനുള്ള പോരാട്ടത്തിലായിരുന്നു അവര്‍. എന്നാല്‍, അമ്മയുടെ ആ സ്‌നേഹവും കരുതലും ഒടുവില്‍ ചോരയില്‍ മുങ്ങി അവസാനിച്ചു.
https://www.facebook.com/Malayalivartha

























