പ്രിയതമന്റെ അന്ത്യ ചുംബനം ഇല്ലാതെ ചിക്കു യാത്രയായി...ലിന്‍സന്റെ മോചനം നീളുന്നു

തന്റെ എല്ലാമെല്ലാമായിരുന്ന പ്രിയതമന്റെ അന്ത്യചുംബനം കിട്ടാതെ ചിക്കുയാത്രയായി. ചിക്കുവിന്റെ മുഖം അവസാനമായി ഒരു നോക്കുകാണാനാകാതെ ലിന്‍സണ്‍ നെഞ്ചുരുകി അന്യരാജ്യത്ത് കുടുങ്ങിക്കഴിയുമ്പോള്‍ ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാനാകാതെ നീറിപ്പുകയുകയാണ് രണ്ട് കുംടുംബങ്ങള്‍. ചിക്കുവിനെ കെട്ടിപ്പിടിച്ച് വിട്ടുതരില്ല എന്ന് അലറിക്കരയുന്ന വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും വാക്കുകളില്ല. കറുകുറ്റിയിലെ വീടിനെ ജനസാഗരമാക്കി ആയിരങ്ങളാണ് ചിക്കുവിനെ ഒരു നോക്കുകാണാന്‍ എത്തിയത്.
ലിന്‍സണ്‍ നിരപരാധിയാണെന്ന് എല്ലാവരും പറയുമ്പോഴും ഒമാന്‍ പോലീസ് ലിന്‍സന്റെ കസ്റ്റഡി കാലാവധി നീട്ടുകയാണ് ചെയ്തത്. അന്വേഷണം സംബന്ധിച്ച നടപടി ക്രമങ്ങളുടെ ഭാഗമായി ലിന്‍സന് ഒമാനില്‍ തന്നെ തുടരേണ്ടി വരും. ലിന്‍സന്റെ സഹോദരനും ബന്ധുക്കളുമാണ് ചിക്കുവിന്റെ മൃതദേഹത്തെ അനുഗമിച്ചത്.
സലാലയില്‍ നിന്ന് രാത്രി മസ്‌കറ്റിലെത്തിച്ച മൃതദേഹം ഒരു മണിക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്. ഒമാന്‍ എയര്‍ വിമാനത്തില്‍ എത്തിയ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴു മണിക്കാണ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. 10 മണിയോടെ അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകിട്ട് മൂന്നു മണിക്ക് കറുകുറ്റി ക്രിസ്തുരാജ ആശ്രമം പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു. ഭര്‍ത്താവ് ലിന്‍സണ്‍ ഇപ്പോഴും ഒമാന്‍ പൊലീസ് കസ്റ്റഡിയില്‍ത്തന്നെയാണ്. ലിന്‍സണ്‍ നിരപരാധിയാണെന്നും ഒമാനിലെ നിയമങ്ങള്‍ മൂലമാണ് ലിന്‍സണ് എത്താന്‍ സാധിക്കാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.സലാല ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കുവിനെ കഴിഞ്ഞ മാസം ഇരുപതിനാണ് മുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിത്യതയുടെ ലോകത്തിലേക്ക് യാത്രയാകുമ്പോള്‍ ചിക്കു എന്തായിരിക്കാം ഈ ലോകത്തിലെ നൂലാമാല നിയമങ്ങളോട് പറഞ്ഞിട്ടുണ്ടാകുക. തന്റെ പ്രിയതമനെക്കുറിച്ചാണോ. നിരപരാധിയെങ്കില്‍ ലിന്‍സണെ ഉടന്‍ മോചിപ്പിക്കാന്‍ കേന്ദ്രം കനിയണം. കാരണം ചെയ്യാത്ത തെറ്റിന് ഇനിയും ഒരു ചെറുപ്പക്കാരനെ ക്രൂശിക്കരുത്.
ലിന്‍സന്റെ മോചനം നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങുമ്പോള്‍ കണ്ണീരു തോരാതെ ഈ കുടുംബങ്ങള്‍ വീണ്ടും പ്രാര്‍ത്ഥനയിലാണ്. ആകസ്മികമായി എത്തിയ ദുരന്തം കുറച്ചൊന്നുമല്ല ഈ രണ്ടുകുടുംബങ്ങളെ പിടിച്ചുലച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha