സംസ്ഥാനത്ത് ആകെ 1203 സ്ഥാനാര്‍ഥികള്‍, മലപ്പുറമാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള ജില്ല

നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. സംസ്ഥാനത്ത് ആകെ മല്‍സരിക്കുന്നത് 1,203 സ്ഥാനാര്‍ഥികളാണ്. കഴിഞ്ഞ തവണ ഇത് 971 ആയിരുന്നു. 145 പേര്‍ മല്‍സരിക്കുന്ന മലപ്പുറമാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ള ജില്ല. 29 പേര്‍ മാത്രം മല്‍സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍.
ആകെ 109 വനിത സ്ഥാനാര്‍ഥികളാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. 17 പേര്‍ മല്‍സരിക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടതല്‍ സ്ഥാനാര്‍ഥികളുള്ളത്. പല മണ്ഡലങ്ങളിലും അപര-വിമത ശല്യമുണ്ട്. ശക്തമായ പോരാട്ടം നടക്കുന്ന വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ. രമയ്ക്ക് അതേ പേരില്‍ തന്നെ അപരസ്ഥാനാര്‍ഥിയുണ്ട്.
കുന്നംകുളം മണ്ഡലത്തില്‍ യുഡിഎഫും എല്‍ഡിഎഫും അപരന്‍മാരെ പിന്‍വലിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി സി.പി. ജോണിനെതിരെ ജോണ്‍ എന്നയാളെ എല്‍ഡിഎഫും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.സി. മൊയ്തീനെതിരെ സി.പി. മൊയ്തീനെ യുഡിഎഫും നിര്‍ത്തിയിരുന്നു. കഴിഞ്ഞതവണ കുന്നംകുളത്ത് സി.പി.ജോണ്‍ 427 വോട്ടിനു തോറ്റത് അപരശല്യം മൂലമാണ്. അപരന്‍ എണ്ണൂറിലേറെ വോട്ട് പിടിച്ചിരുന്നു.
യുഡിഎഫിന് ഒന്‍പതിടത്ത് വിമത സ്ഥാനാര്‍ഥികളുണ്ട്. ശക്തമായ പോരാട്ടം നടക്കുന്ന തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബുവിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനും അപരസ്ഥാനാര്‍ഥികള്‍ ഉണ്ട്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്റണി രാജുവിനും വി.എസ്. ശിവകുമാറിനും അപരന്‍മാര്‍ വെല്ലുവിളി ഉയര്‍ത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















