'ലാ നിന' വരും, കേരളത്തില്‍ വന്‍മഴയ്ക്കു സാധ്യത

പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട എല്‍നിനോയാണ് കേരളത്തിലെയും സമീപ സംസ്ഥാനങ്ങളിലെയും കഠിന ചൂടിനു കാരണമായി കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മുന്‍പൊന്നും അനുഭവപ്പെട്ടിട്ടില്ലാത്ത കനത്ത ചൂടാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. എന്നാല്‍ ഈ സ്ഥിതി മാറുമെന്നും എല്‍നിനോയ്ക്ക് പകരം ലാ നിന വരുമെന്നും കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നുമാണ് നിലവിലെ കാലാവസ്ഥാ നിരീക്ഷണം.
പസഫിക് സമുദ്രത്തിലെ കാലാവസ്ഥാ മാറ്റങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഗോളതാപനം തുടരുകയാണെങ്കില്‍ എല്‍നിനോയുടെ സ്ഥാനത്ത് ലാ നിന വരും. ലാ നിന വന്നാല്‍ ശക്തമായ മഴ ലഭിക്കും. പതിവിലും കവിഞ്ഞ മഴ ലഭിച്ചാല്‍ കേരളത്തിലെ പുഴകളും ആറുകളും നിറഞ്ഞൊഴുകും. അതിലും കൂടുതല്‍ മഴവന്നാല്‍ ചെന്നൈയില്‍ സംഭവിച്ചതു പോലെ കേരളം മുങ്ങുകതന്നെ ചെയ്യുമെന്നാണ് നിരീക്ഷണം.
സെപ്തംബറോടെ ലാ നിന ശക്തിപ്രാപിക്കും. പസഫിക് സമുദ്രത്തില്‍ രൂപംകൊള്ളുന്ന താഴ്ന്ന വായുമര്‍ദത്തില്‍ നിന്നാണ് ലാ നിന ഉണ്ടാകുന്നത്. ലാ നിന വന്നാല്‍ സാധാരണ കിട്ടുന്നതിലും കൂടുതല്‍ മഴ ലഭിക്കും. വരുന്ന മണ്‍സൂണ്‍ സീസണില്‍ രാജ്യത്ത് 106 ശതമാനം മഴയാണ് പ്രവചനം.
ലാ നിനയുടെ ശക്തിയില്‍ അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ തീവ്രവരള്‍ച്ച അനുഭവപ്പെടും. പസിഫിക്കിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പ്രളയത്തിനും ചില ഭാഗങ്ങളില്‍ വന്‍ ചുഴലിക്കാറ്റുകള്‍ക്കും കാരണമാകും. ലാ നിനയുടെ ഫലമായി ചില ഭാഗങ്ങളില്‍ കൊടും ശൈത്യവും അനുഭവപ്പെട്ടേക്കാം.
ഇരുപതാം നൂറ്റാണ്ടില്‍ നിരവധി ലാ നിന പ്രതിഭാസം ഉണ്ടായിട്ടുണ്ട്. 2007 ലുണ്ടായ ലാ നിനയെ തുടര്‍ന്ന് തെക്കുകിഴക്കന്‍ ഏഷ്യയില്‍ കനത്ത മഴയും പ്രളയവുമായിരുന്നു ഫലം. ഇതേസമയത്ത് ചൈനയിലും സമീപപ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ടായി.
2010 ലും ലാ നിനയുണ്ടായി. അന്ന് ഏഷ്യയിലും ഓസ്‌ട്രേലിയയിലും കനത്ത മഴ പെയ്തിരുന്നു. കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് എല്‍ നിനോയും, ലാ നിനയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















