ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ

തോല്‍വിയുടെ ഉത്തരവാദിത്തം താഴേത്തട്ടിലേക്ക് തള്ളിവിടുന്ന എം.വി. ഗോവിന്ദന്റെ കരട് റിപ്പോര്‍ട്ടിനെ വേദിയിലിരുന്ന ഉന്നത നേതാക്കളെ സാക്ഷിനിര്‍ത്തിയാണ് പ്രതിനിധികള്‍ കീറിമുറിച്ചത്. കഴിഞ്ഞ പത്തു വര്‍ഷമായി പാര്‍ട്ടിയില്‍ പടര്‍ന്നുപന്തലിച്ച പാര്‍ലമെന്ററി വ്യാമോഹത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ സംസ്ഥാന നേതൃത്വമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തുറന്നടിച്ചു. സ്വയം തിരുത്താന്‍ തയാറാകാത്ത നേതാക്കള്‍ അണികളെ ഉപദേശിക്കാന്‍ വരുന്നതിലെ യുക്തിയില്ലായ്മ യോഗത്തില്‍ ചോദ്യം ചെയ്യപ്പെട്ടു. പിണറായി വിജയന്റെ അധികാര മോഹവും പാര്‍ലമെന്ററീ വ്യാമോഹവുമാണ് ഇതിലൂടെ ചര്‍ച്ചയാക്കുന്നത്. മുകളിലുള്ളവര്‍ എന്തു തെറ്റു ചെയ്താലും ചോദ്യം ചെയ്യപ്പെടില്ലെന്ന പാര്‍ട്ടിക്കുള്ളിലെ വിചിത്ര നീതിക്കെതിരെ കടുത്ത അമര്‍ഷമാണ് ഉയര്‍ന്നത്. മാനദണ്ഡങ്ങള്‍ നിശ്ചയിക്കുമ്പോള്‍ പലര്‍ക്കും പല നീതിയാണെന്ന വിമര്‍ശനം സംസ്ഥാന കമ്മിറ്റിയെ പ്രതിരോധത്തിലാക്കി. താഴെത്തട്ടിലുള്ളവര്‍ക്ക് ഒരു നീതിയും നേതാക്കള്‍ക്ക് മറ്റൊരു നീതിയും എന്ന അവസ്ഥ പാര്‍ട്ടിയില്‍ അവമതിപ്പുണ്ടാക്കിയെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
സ്ഥാനാര്‍ഥ നിര്‍ണയത്തിലെ പാളിച്ചകളെക്കുറിച്ച് കരട് റിപ്പോര്‍ട്ടില്‍ പരക്കെ പറയുന്നുണ്ടെങ്കിലും, പയ്യന്നൂരിലെ കാര്യം മാത്രം എടുത്തുപറഞ്ഞ് എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള മത്സരിച്ച തളിപ്പറമ്പിലെ വീഴ്ചയെ തന്ത്രപൂര്‍വം ഒഴിവാക്കിയതും വലിയ പ്രതിഷേധത്തിന് കാരണമായി. സ്വന്തക്കാര്‍ക്ക് ഇളവും മറ്റുള്ളവര്‍ക്ക് വിമര്‍ശനവും എന്ന കണ്ണൂര്‍ മോഡല്‍ പക്ഷപാതിത്വം വിപുലീകൃത സമിതിയില്‍ തുറന്നുകാട്ടപ്പെട്ടു. കെ.കെ. ശൈലജയെ മണ്ഡലം മാറ്റി മത്സരിപ്പിച്ചതും എ.എന്‍. ഷംസീറിനെ മാറ്റിനിര്‍ത്തിയതുമെല്ലാം പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടികള്‍ ചര്‍ച്ചയായി. എന്തിനെയും പുച്ഛത്തോടെ സമീപിക്കുന്ന നേതാക്കളുടെ വൈഖരി അണികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയതായി കണ്ണൂരില്‍ നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു. പ്രസ്ഥാനത്തിന് തങ്ങളല്ലാതെ മറ്റു പകരക്കാരില്ലെന്ന നേതാക്കളുടെ അഹങ്കാരമാണ് തിരിച്ചടികള്‍ക്ക് ആക്കം കൂട്ടിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി നേരിടുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെയും ഇ.ഡി ഭീഷണിയെയും ചൂണ്ടിക്കാട്ടി സഹതാപം തരംപിടിക്കാനുള്ള കരട് റിപ്പോര്‍ട്ടിലെ തന്ത്രം പ്രതിനിധികള്‍ പൂര്‍ണമായും തള്ളി. ഇ.ഡിയുടെ നീക്കം ചര്‍ച്ച ചെയ്യാനോ ഗൗനിക്കാനോ പ്രതിനിധികള്‍ തയാറായില്ല. പ്രസ്ഥാനം നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി പുറത്തുനിന്നല്ല, മറിച്ച് അകത്തുനിന്നുതന്നെയാണെന്ന സന്ദേശമാണ് സമിതി നല്‍കിയത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഒരു തെരഞ്ഞെടുപ്പിലും ജയിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. തുടര്‍ച്ചയായ തോല്‍വികള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ച് മുന്നോട്ടുപോയതാണ് ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണമെന്ന് താഴെത്തട്ടിലെ വികാരം പ്രതിഫലിപ്പിച്ചുകൊണ്ട് പ്രതിനിധികള്‍ വ്യക്തമാക്കി. അപ്പപ്പോള്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ മുകളില്‍ കെട്ടിക്കിടന്ന് ചീഞ്ഞുനാറുകയായിരുന്നു.
https://www.facebook.com/Malayalivartha
























