കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. പള്ളിത്തോട്ടം സംഗമത്താൽ ജോസഫ് സ്റ്റാൻലി (മനോജ്, 48) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം നടന്നത്. സ്വകാര്യ പ്രസ്സിലെ ജീവനക്കാരനായിരുന്നു മരിച്ച മനോജ്.
പടപ്പക്കരയിലുള്ള തന്‍റെ ബന്ധുക്കളായ കുട്ടികൾക്കൊപ്പമായിരുന്നു മനോജ് ബീച്ചിലെത്തിയത്.
ബീച്ചിൽ കളിച്ച ശേഷം മടങ്ങുന്നതിന് മുമ്പ് കടലിൽ കാൽ കഴുകാനിറങ്ങിയതിന് പിന്നാലെ കുട്ടികൾ തിരയിൽപ്പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ മനോജും ശക്തമായ തിരയിൽപ്പെട്ടു. സംഭവം കണ്ട് ഓടിയെത്തിയ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ഷാരോൺ, സോബിൻ, ജോൺസൺ, മിൽട്ടൻ എന്നിവർ കുട്ടികളെ രക്ഷപ്പെടുത്തിയെങ്കിലും മനോജിനെ കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടികളെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കോസ്റ്റൽ പൊലീസും മേയറും സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തി തെരച്ചിലിന് നേതൃത്വം നൽകുകയും ചെയ്തു.
എന്നാൽ കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ തെരച്ചിൽ ദുഷ്കരമായിരുന്നു. തുടർന്ന് കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് വള്ളങ്ങൾ ഇറക്കി വലവീശിയും തട്ടുമടി വല ഉപയോഗിച്ചും നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം ആറു മണിയോടെ മൃതദേഹം കണ്ടെത്തിയത്. ബീച്ചിന് സമീപത്ത് നിന്നു തന്നെയാണ് മൃതദേഹം കണ്ടത്
" f
https://www.facebook.com/Malayalivartha
























