കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം; അന്വേഷണം ശക്തമാക്കി പൊലീസ്

കണ്ണൂര്‍ കണ്ണവം റേഞ്ച് ഓഫീസിന് സമീപത്തും ചൂണ്ടിയിലും നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. രണ്ടിടങ്ങളിലുമുണ്ടായത് സ്റ്റീല്‍ ബോംബ് സ്‌ഫോടനമാണെന്ന നിഗമനത്തിലാണ് പൊലീസ് തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് രാത്രിയിലാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ സ്‌ഫോടനങ്ങളുണ്ടായത്. വലിയ ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടിടത്തും ബോംബ് പൊട്ടിത്തെറിച്ചതിന്റെ വ്യക്തമായ അടയാളങ്ങള്‍ കണ്ടെത്തി. ബോംബിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ ലഭ്യമല്ലാത്തതിനാല്‍ കണ്ണവം ജംഗ്ഷനിലെയും സമീപ പ്രദേശങ്ങളിലെയും ക്യാമറ ദൃശ്യങ്ങളാണ് പൊലീസ് നിലവില്‍ കേന്ദ്രീകരിക്കുന്നത്. ബോംബ് നിര്‍മ്മാണത്തിന് പിന്നിലും സ്‌ഫോടനം നടത്തിയതിന് പിന്നിലുമുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിംഗും നിരീക്ഷണവും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























