ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള സ്ത്രീക്കു നേരെ യുവാവിന്റെ അതിക്രമം

മുംബയ് എല്‍.ടി.ടി സ്പെഷ്യല്‍ ട്രെയിനില്‍ കാഴ്ചപരിമിതിയുള്ള 49കാരിക്കു നേരെ യുവാവിന്റെ അതിക്രമം. മുംബയ് എല്‍.ടി.ടി സ്പെഷ്യല്‍ ട്രെയിനില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നാലാം ക്ലാസില്‍ പഠിക്കുന്ന മകനൊപ്പം ഭിന്നശേഷിക്കാര്‍ക്കായുള്ള കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ മണിക്കൂറുകളോളം ഭയപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശിയായ അയ്യപ്പ (23) ആണ് പിടിയിലായത്. കണ്ണൂരില്‍നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
ട്രെയിനിന്റെ വാതിലിനടുത്തുനിന്ന് യുവാവ് അസ്വാഭാവികമായി വിസിലടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സംശയം തോന്നിയതായി സ്ത്രീ പറഞ്ഞു. തുടര്‍ന്ന് കഴുത്തിലുണ്ടായിരുന്ന മാല ഊരി ബാഗില്‍ സൂക്ഷിച്ചു. പിന്നീട് വാതിലിനടുത്ത് നിന്നിരുന്ന സ്ത്രീയോട് അകത്തേക്ക് പോകാന്‍ പ്രതി ആവശ്യപ്പെട്ടു. പിന്നാലെ ഇവരെ യുവാവ് തള്ളിയിട്ടു. എഴുന്നേല്ക്കാന് ശ്രമിച്ചപ്പോഴും വീണ്ടും തള്ളിയിട്ടതായും രണ്ട് സീറ്റുകള്ക്കടിയിലായി വീണതായും ഇവര്‍ പറയുന്നു.
തുടര്‍ന്ന് യുവാവ് കഴുത്തില്‍ പിടിക്കുകയും വായ മൂടുകയും ചെയ്തു. ഈ സമയത്ത് മകനോട് ട്രെയിനിലെ അപായച്ചങ്ങല വലിക്കാന്‍ സ്ത്രീ ആവശ്യപ്പെട്ടു. മകന് ചങ്ങല താഴേക്ക് വലിച്ചെങ്കിലും പ്രതി ആക്രമണം തുടരുകയായിരുന്നു. പ്രതിയുടെ പിടിയില്‍നിന്ന് കുതറിമാറിയ സ്ത്രീ അപായച്ചങ്ങലയില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് അതിനും അനുവദിച്ചില്ല. വീണ്ടും തടയാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിന്റെ അപായച്ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി. ഇതോടെയാണ് തനിക്ക് രക്ഷപ്പെടാനായതെന്ന് സ്ത്രീ പറഞ്ഞു. ട്രെയിന്‍ നിര്‍ത്തിയില്ലായിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























