'അർണബ്' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി.. 53 ട്രെയിനുകള്‍ റദ്ദാക്കി..മുന്നറിയിപ്പുകള്‍ നിരന്തരം നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം..

പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അർണബ്' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അര്‍ണബ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഒക്ടോബര്‍ 27, 28 തീയതികളില്‍ 53 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കാന്‍ ദക്ഷിണ തീര റെയില്‍വേയുടെ തീരുമാനം. ഇന്ത്യാ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിശാഖപട്ടണത്തെ സോണല്‍ ആസ്ഥാനമാണ് യാത്രാ നിയന്ത്രണങ്ങള്‍ സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ആന്ധ്രാപ്രദേശിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സര്‍വീസുകളെയാണ് തീരുമാനം ബാധിക്കുക.
യാത്രയ്‌ക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ സര്‍വീസ് വിവരങ്ങള്‍ ഔദ്യോഗിക റെയില്‍വേ സംവിധാനങ്ങളിലൂടെ പരിശോധിക്കണമെന്ന് അധികൃതര്‍ യാത്രക്കാരോട് നിര്‍ദേശിച്ചു.റെയില്‍വേ പുറത്തിറക്കിയ ആദ്യ ബുള്ളറ്റിന്‍ പ്രകാരം രാജമുണ്ട്രി, വിജയവാഡ, മച്ചിലിപട്ടണം, ഗുഡിവാഡ, ഭീമവരം, നിഡദവോലു, നരസാപുരം, ഗുണ്ടൂര്‍, തേനാലി, വിശാഖപട്ടണം തുടങ്ങിയ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ പട്ടികയിലുണ്ട്. ചില ട്രെയിനുകള്‍ ഒക്ടോബര്‍ 27നും മറ്റു ചിലത് 28നും റദ്ദാക്കും. ചില സര്‍വീസുകള്‍ രണ്ടു ദിവസങ്ങളിലും ഉണ്ടായിരിക്കില്ല. വിജയവാഡയില്‍നിന്ന് മച്ചിലിപട്ടണം, രാജമുണ്ട്രി, നരസാപുരം തുടങ്ങിയ
സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളെയും വിശാഖപട്ടണത്തുനിന്നുള്ള ചില സര്‍വീസുകളെയും നിയന്ത്രണം ബാധിക്കും.പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ദക്ഷിണ തീര റെയില്‍വേയുടെ മുന്‍കരുതല്‍ നടപടികളും ദുരന്തനിവാരണ സജ്ജീകരണങ്ങളും ജനറല്‍ മാനേജര്‍ സന്ദീപ് മാത്തൂര്‍ വിലയിരുത്തി. നാല് ഡിവിഷനുകളിലെയും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രതികൂല കാലാവസ്ഥയിലും ട്രെയിന്‍ സര്‍വീസുകള്‍ സുരക്ഷിതമായി നടത്തുന്നതിനുമാണ് മുന്‍ഗണന.
സംസ്ഥാന സര്‍ക്കാര്‍ അധികൃതരുമായി ഏകോപനം ഉറപ്പാക്കാനും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ നിരന്തരം നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അപകടസാധ്യതയുള്ള റെയില്‍വേ പാലങ്ങള്‍, പാളങ്ങള്‍, യാര്‍ഡുകള്‍, സിഗ്‌നലിങ് സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിര്‍ണായക മേഖലകളില്‍ പട്രോളിങ് ജീവനക്കാരെയും നിരീക്ഷകരെയും നിയോഗിച്ചു. അടിയന്തര അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ വസ്തുക്കള്‍ മതിയായ അളവില്‍ ശേഖരിച്ചിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു. വെള്ളമൊഴുക്ക് തടസ്സപ്പെടുത്തുന്ന ചെളി, ചെടികള്‍, അവശിഷ്ടങ്ങള്‍ എന്നിവ നീക്കി ഓടകളും നീര്‍ചാലുകളും വൃത്തിയാക്കുന്ന നടപടികളും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























