സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ.... ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി

സംസ്ഥാനത്തെ ജനന-മരണ രജിസ്‌ട്രേഷൻ നടപടികളിൽ മാറ്റങ്ങൾ വരുത്തി സർക്കാർ. രജിസ്‌ട്രേഷൻ രേഖകളിൽ പേര്, ലിംഗം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്. ലിംഗവിവരങ്ങളുടെ പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെയും ഉൾപ്പെടുത്തി. രജിസ്‌ട്രേഷൻ ഫീസിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്.
പേര് രേഖപ്പെടുത്തുമ്പോൾ ഫസ്റ്റ് നെയിം, മിഡിൽ നെയിം, ലാസ്റ്റ് നെയിം എന്നിങ്ങനെ പൂർണമായി രേഖപ്പെടുത്തേണ്ടതാണ്. ചുരുക്കെഴുത്തുകളോ ഇനീഷ്യലുകളോ ഉപയോഗിക്കാനായി പാടില്ല. 2023ൽ കേന്ദ്രസർക്കാർ നിർദേശിച്ച മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്. പേര് ചേർക്കാതെ ജനനം രജിസ്റ്റർ ചെയ്ത സംഭവങ്ങളിൽ 15 വർഷത്തിനുശേഷം പേര് ഉൾപ്പെടുത്താനായി കഴിയില്ലെന്നതാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന മറ്റൊരു പ്രധാന മാറ്റം. ഇതിനായി ഈ വർഷം ജൂലൈ 13 വരെ സമയം അനുവദിച്ചിട്ടുണ്ടായിരുന്നു. സമയപരിധി അവസാനിച്ചതോടെ ഇത്തരം കേസുകളിൽ ഇനി പേര് ചേർക്കാൻ കഴിയില്ല.
കുട്ടികളെ ദത്തെടുക്കുന്ന നടപടികളും പുതിയ ചട്ടപ്രകാരം പ്രത്യേക ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി ഫോം നമ്പർ ഒന്നാണ് ഉപയോഗിക്കേണ്ടത്. ജനന-മരണ രജിസ്‌ട്രേഷൻ വൈകുന്ന സാഹചര്യത്തിൽ ഈടാക്കുന്ന ഫീസിലും വർദ്ധനവുണ്ടായിട്ടുണ്ട്. 21 മുതൽ 30 ദിവസം വരെയുള്ള കാലതാമസത്തിന് 20 രൂപയാണ് ഇനി നൽകേണ്ടത്. നേരത്തേ ഇത് രണ്ട് രൂപയായിരുന്നു.
30 ദിവസത്തിനുശേഷം ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്യുന്നതിന് 50 രൂപ ഫീസ് നൽകണം. ഇതിനായി ജില്ലാ രജിസ്ട്രാറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ അനുമതി ആവശ്യമാണ്. ഒരു വർഷം കഴിഞ്ഞാണ് രജിസ്‌ട്രേഷൻ നടത്തുന്നതെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെയോ അധികാരപ്പെടുത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയോ ഉത്തരവ് വേണം.
മരണകാരണം രേഖപ്പെടുത്തുന്ന സർട്ടിഫിക്കറ്റിൽ മുൻകാല രോഗവിവരങ്ങളും ഉൾപ്പെടുത്തണമെന്ന നിർദേശവും പുതിയ ചട്ടത്തിൽ വരുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























