കല്യാണക്കുരുക്ക്... ബിജു രമേശിന്റേയും അടൂര്‍ പ്രകാശിന്റേയും മക്കള്‍ തമ്മിലുള്ള വിവാഹ നിശ്ചയം വ്യാഴാഴ്ച അല്‍സാജില്‍; കേരളത്തെ ഞെട്ടിപ്പിക്കുന്ന വിശേഷങ്ങള്‍

മലയാളികള്‍ മൂക്കത്ത് വിരല്‍ വയ്ക്കാന്‍ വരട്ടെ. കേരളത്തെ കഴിഞ്ഞ അഞ്ച് വര്‍ഷം നിയന്ത്രിച്ച ബിജു രമേശും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം നിയന്ത്രിച്ച അന്നത്തെ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്റേയും മക്കളുടെ വിവാഹ നിശ്ചയം വ്യാഴാഴ്ച. തിരുവനന്തപുരത്തെ കഴക്കൂട്ടത്തെ അല്‍സാജില്‍ വച്ചാണ് വിവാഹം നടക്കുന്നത്. ഭരണ പക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും 300 ലധികം വിവിഐപികളെ ക്ഷണിച്ചിട്ടുണ്ട്. ഇതില്‍ ബഹു ഭൂരിപക്ഷവും കഴിഞ്ഞ സര്‍ക്കാരിന്റെ കീഴില്‍ ഭരണം നിയന്ത്രിച്ച മന്ത്രിമാരും യുഡിഎഫ് നേതാക്കളുമാണ്.
അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണനും ബിജു രമേശിന്റെ മകള്‍ മേഘാ ബി രമേശും തമ്മിലുള്ള വിവാഹം വളരെ നേരത്തെ തന്നെ പറഞ്ഞുറപ്പിച്ചതാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണന്‍. അടൂരില്‍ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള ബിസിനസ് നോക്കി നടത്തുകയാണ് ഇപ്പോള്‍. ബിജു രമേശിന്റെ രണ്ടാമത്തെ മകളാണ് മേഘാ ബി രമേശ്. ബാര്‍ കോഴ വിവാദമാണ് ഇവരുടെ വിവാഹം വൈകിപ്പിച്ചത്. സംസ്ഥാനം ഭരിക്കുന്ന മന്ത്രിയുടെ മകന്‍ സര്‍ക്കാരിനെതിരെ അഴിമതി ഉന്നയിച്ച് പ്രമുഖനായ മാണിയെ വരെ രാജി വയ്പ്പിച്ച വ്യവസായിയുടെ മകളെ കല്യാണം കഴിച്ചാല്‍ ഉള്ള അവസ്ഥ അറിയാമല്ലോ. അടൂരിന്റെ മന്ത്രിപ്പണി പോകും. സൂത്രധാരന്മാര്‍ പറഞ്ഞതനുസരിച്ചാണ് ഇരുവരും വിവാഹക്കാര്യം നീട്ടി വച്ചത്. എന്നാല്‍ ഇരുവീട്ടുകാരും നേരത്തെ പറഞ്ഞുറപ്പിച്ചതു കൊണ്ട് പ്രതിശ്രുത വധൂവരന്മാര്‍ നല്ല പരിചയക്കാരായി. 
പണത്തിന് പണവും പ്രതാപത്തിന് പ്രതാപവും ഉള്ള കുടുംബമാണ് ഇരുവരുടേയും. ഇരുവര്‍ക്കും പരമ്പരാഗതമായി കിട്ടിയ സ്വത്തിന് പുറമേ സ്വന്തം നിലയില്‍ ഉണ്ടാക്കിയതിന് കൈയ്യും കണക്കുമില്ല. രമേശന്‍ കണ്‍ട്രാക്ക് എന്ന കോണ്‍ട്രാക്ടറെ അറിയാത്ത മലയാളികളില്ല. തിരുവനന്തപുരത്തേയും എന്തിന് ഒരു കാലത്ത് കരുണാകരനെപ്പോലും സ്വാധീനിച്ച വ്യക്തിയാണ് രമേശന്‍ കോണ്‍ട്രാക്ടര്‍. ആ അച്ഛന്റെ മകനായി പിറന്ന ബിജു രമേശിന് ഇന്ന് ഇല്ലാത്ത മേഖലകളില്ല. ബാറുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, അമ്പലക്കമ്മിറ്റി തുടങ്ങി രാഷ്ടീയത്തില്‍ വരെ പയറ്റി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ അരുമയായി തന്റെ സാമ്രാജ്യം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കാനായി തെരഞ്ഞെടുപ്പിലും നിന്നു.
അടൂര്‍ പ്രകാശിന്റെ കുടുംബവും അടൂരിലെ പ്രബല കുടുംബമാണ്. കുഞ്ഞുരാമന്റെ മകനായാണ് ജനിച്ചത്. അടൂരില്‍ അറിയപ്പെടുന്ന ബാറിന്റെ കൂടി ഉടമയാണ് അടൂര്‍ പ്രകാശ്. ബാറിലൂടെയാണ് അടൂര്‍ പ്രകാശ് വന്‍ സമ്പന്നനായത്. ഇത്രയേറെ ബാര്‍ കോഴ ഉണ്ടായപ്പോഴും മന്ത്രിയായ സമയത്തും അടൂര്‍ പ്രകാശ് ബാര്‍ ഉടമയായിരുന്നു എന്നത് വിരോധാഭാസം. രണ്ട് ബാര്‍ മുതലാളികള്‍ കല്യാണത്തിന് വേണ്ടി ഒന്നിച്ചത് സ്വാഭാവികം.
ഇവിടെയാണ് മലയാളികള്‍ പലതും ചിന്തിച്ച് പോകുന്നത്. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അടൂര്‍ പ്രകാശിന് സീറ്റ് നല്‍കരുത് എന്ന് പറഞ്ഞത് ഇതെല്ലാം കണ്ടാണ്. എന്നാല്‍ അതെല്ലാം കലക്കവെള്ളത്തിലെ മീന്‍പിടുത്തമായി വ്യാഖ്യാനിച്ചു.
ബാര്‍ കോഴ ആരോപണം വന്നപ്പോള്‍ തന്നെ ബിജു രമേശും അടൂര്‍ പ്രകാശും തമ്മിലുള്ള ഒത്തുകളിയാണെന്ന് മലയാളി വാര്‍ത്ത ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇതെല്ലാം ചെന്നിത്തലയ്ക്കും അറിയാമായിരുന്നു. അവസാനം ബിജു രമേശ്, ചെന്നിത്തലയുടെ പേരു പറഞ്ഞതോടെയാണ് അടൂരുമായി ചെന്നിത്തല തെറ്റിയത്.
കേരളത്തിലെ മിക്കവാറും എല്ലാ രാഷ്ട്രീയസാമൂഹികസാംസ്‌കാരിക നേതാക്കളേയും അണിനിരത്തി അടിപൊളി വിവാഹത്തിനാണ് അടൂര്‍ പ്രകാശും ബിജു രമേശും ലക്ഷ്യമിടുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും അടക്കമുള്ളവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരില്‍ ആരൊക്കെ വിവാഹ നിശ്ചയത്തിന് എത്തുമെന്നതാണ് ശ്രദ്ധേയം. വ്യക്തിപരമായി ചടങ്ങിനെ കണ്ട് മറ്റ് വിവാദങ്ങള്‍ മറന്ന് വേദിയിലെത്താനാണ് നേതാക്കളില്‍ പലരുടേയും തീരുമാനമെന്നാണ് സൂചന.
നിലവില്‍ ഐ ഗ്രൂപ്പില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയുടെ എ വിഭാഗത്തിനൊപ്പമാണ് അടൂര്‍ പ്രകാശിന്റെ മനസ്സ്. അതുകൊണ്ട് തന്നെ തന്റെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങള്‍ ഉയര്‍ത്തിയ വിവാഹ നിശ്ചയത്തിന് ഉമ്മന്‍ ചാണ്ടി എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. വധുവിന്റെ അച്ഛനാണ് ബിജു രമേശ്. അതുകൊണ്ട് തന്നെ ചടങ്ങിലെ ആതിഥേയന്‍ ബിജു രമേശാണ്. ഇത് ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയുമെല്ലാം വെട്ടിലാക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ആരോഗ്യമന്ത്രിയായിരുന്ന വി എസ് ശിവകുമാറിനെ വ്യക്തിപരമായി ആക്രമിക്കുന്ന ആരോപണും ബിജു രമേശ് ഉയര്‍ത്തിയിരുന്നു
.
വിവാഹ നിശ്ചയത്തിന് പോയില്ലെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന കല്ല്യാണം ഒഴിവാക്കാന്‍ കഴിയുകയുമില്ല. കല്ല്യാണമാകുമ്പോഴേക്ക് യുഡിഎഫ് നിയമസഭാ തോല്‍വിയെ കുറിച്ച് മറക്കും. അപ്പോള്‍ പിന്നെ പ്രശ്‌നമുണ്ടാകില്ലെന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കളും ഉണ്ട്. സംസ്ഥാനത്തെ എല്ലാ ബാറുടമകളേയും ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്.
അതിനിടെ ചില പ്രമുഖ എഐഎഡിഎംകെ നേതാക്കളും ചടങ്ങിനെത്തുമെന്നും സൂചനയുണ്ട്. മുന്‍ മുഖ്യമന്ത്രിയും നിലവില്‍ ജയലളിതാ മന്ത്രിസഭയില്‍ അംഗവുമായ പനീര്‍സെല്‍വം എത്തുമെന്നും സൂചനയുണ്ട്. ഭരണപക്ഷത്തിലെ ചില പ്രമുഖരെ വിളിച്ചിട്ടുണ്ടെങ്കിലും ഭരണത്തിലായതു കൊണ്ട് ആരും വരില്ല.
കല്യാണത്തിന് സാക്ഷാല്‍ തലൈവി തന്നെ എത്തുമെന്നാണ് കരുതുന്നത്. എന്തായാലും ഈ താര വ്യവസായ വിവാഹ നിശ്ചയത്തിനായി കാത്തിരിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























