കോളിയൂര്‍ കൊലപാതകം: രക്തത്തില്‍ കുളിച്ചുകിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ട ആ വീട്ടിലേക്ക് ഇനിയില്ലെന്ന് മക്കള്‍
തങ്ങളുടെ ജീവിതത്തിലേറ്റ അപ്രതീക്ഷിത ദുരന്തത്തിന് വേദിയായ വീട്ടിലേക്ക് ഇനിയില്ലെന്ന നിലപാടിലാണ് മര്യദാസിന്റെ മക്കള്‍. സമീപത്തുനടന്ന ദുരന്തത്തിന്റെ ഭയത്തില്‍ മര്യദാസിന്റെ സഹോദരനും അയല്‍വാസിയും ഇവരുടെ കുടുംബങ്ങളും താല്‍ക്കാലികമായി മറ്റൊരിടത്തേക്ക് വീട് മാറുന്നു. ഇക്കഴിഞ്ഞ ആറിന് രണ്ടംഗസംഘത്താല്‍ കൊല്ലപ്പെട്ട കോളിയൂര്‍ ചാനല്‍ക്കര ചരുവിള പുത്തന്‍വീട്ടില്‍ മര്യദാസിന്റെ മകള്‍ ആന്‍സി ദാസും മകന്‍ അഭയദാസുമാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട രാത്രിക്ക് വേദിയായ വീട്ടിലേക്ക് ഇനിയില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത്.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ട ഭയം ഇനിയും ഇവരുടെ കണ്ണുകളില്‍ നിന്ന് മാറിയിട്ടില്ല. ഭയത്താല്‍ കടുത്ത പനി പിടിപെട്ട ഇരുവരെയും ഇടക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭയം മാറാന്‍ കുട്ടികളെ ഉടന്‍ തന്നെ പൊലീസിന്റെ സഹായത്തോടെ കൗണ്‍സലിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മാതാവ് ഷീജ ആശുപത്രിയിലായതിനാല്‍ കുട്ടികള്‍ ബന്ധുക്കളുടെയും അയല്‍വാസികളുടെയും സംരക്ഷണയിലാണ് കഴിയുന്നത്.

കുട്ടികളുടെ ഭീതി മാറാന്‍ കുറച്ചുദിവസത്തേക്ക് ഇവരെ മറ്റൊരിടത്തേക്ക് മാറ്റാനാണ് ബന്ധുകളുടെ തീരുമാനം. ഇതിന് പൊലീസും അനുമതി നല്‍കിയിട്ടുണ്ട്. മര്യദാസിന്റെ സുഹൃത്തും അയല്‍വാസിയുമായ വിജയകുമാറിന്റെ കുടുംബത്തോടൊപ്പം കുട്ടികള്‍ വാടകവീട്ടിലേക്ക് മാറും. സംഭവശേഷം വിജയകുമാറിന്റെ കുട്ടികളടങ്ങുന്ന കുടുംബവും ഭീതിയിലാണ്. അതിനാല്‍ കുറച്ചുദിവസം വിജയകുമാറിന്റെ വെള്ളായണി കാര്‍ഷിക കോളേജിനുസമീപമുള്ള ബന്ധുവീട്ടിലേക്ക് താമസം മാറാനാണ് തീരുമാനം.
ഇവിടെ ആന്‍സിക്കും അഭയദാസിനും പഠനത്തിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മര്യദാസിന്റെ സഹോദരനും കുറച്ചുദിവസത്തേക്ക് വീട് മാറാന്‍ തീരുമാനിച്ചിട്ടുള്ളതായി പറയുന്നു. ഇയാളുടെ കുട്ടികളെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയെന്ന് നാട്ടുകാര്‍ പറഞ്ഞു. മര്യദാസിന്റെ ഭാര്യ ഷീജ ആശുപത്രിയില്‍ നിന്ന് എത്തിയ ശേഷമേ വീട് എന്തു ചെയ്യണമെന്ന തീരുമാനം ഉണ്ടാകൂ. അതുവരെ വീട് അടച്ചിടാനാണ് ബന്ധുക്കളുടെ തീരുമാനം. ഷീജയുടെ നില കുറച്ചു മെച്ചപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍, ഇവരുടെ സംസാരശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്. ആളുകളെ തിരിച്ചറിയാനും ബുദ്ധിമുട്ടുള്ളതായി ബന്ധുകള്‍ പറഞ്ഞു. ഇവര്‍ പൂര്‍വസ്ഥിതിയില്‍ എത്തണമെങ്കില്‍ ഇനിയും മാസങ്ങള്‍ കഴിയും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















