കടന്നുപിടിച്ചത് സര്‍ക്കാര്‍ അഭിഭാഷകന്‍ തന്നെയെന്ന് യുവതിയുടെ രഹസ്യമൊഴി; മകന്‍ തെറ്റുകാരനെന്ന് പിതാവ് മുദ്രപ്പത്രത്തില്‍ എഴുതിക്കൊടുത്ത കത്തും യുവതി പുറത്തുവിട്ടു

ഗവണ്‍മെന്റ് പ്ലീഡര്‍ക്കെതിരായ പീഡനക്കേസിനെ ചൊല്ലി കൊച്ചി നഗരത്തില്‍ അഭിഭാഷകരും പൊലീസും പരസ്യമായ ഏറ്റുമുട്ടലിലേക്കു നീങ്ങുമ്പോള്‍, തന്നെ കടന്നുപിടിച്ചത് അഭിഭാഷകന്‍ ധനേഷ് മാഞ്ഞൂരാന്‍ തന്നെയെന്നു യുവതി. കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലാണ് യുവതി ഇക്കാര്യം പറയുന്നത്. ധനേഷിനെ അകാരണമായി അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ഇന്ന് അഭിഭാഷകരുടെ സംഘടന സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കെ മൊഴി പുറത്തുവന്നതിനെ ത്തുടര്‍ന്ന് സംഭവം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.കള്ളക്കേസില്‍ കുടുക്കിയെന്ന അഭിഭാഷക അസോസിയേഷന്റെ വാദം തെറ്റാണെന്ന വിശദീകരണവുമായി കൊച്ചി പൊലീസ് വാര്‍ത്താക്കുറിപ്പിറക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്. നടുറോഡില്‍ തന്നെ കയറിപ്പിടിച്ച ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചെന്നും പ്രതിയെ കണ്ടാല്‍ തിരിച്ചറിയാമെന്നും യുവതി പറഞ്ഞു. നേരത്തേ പ്രതിയെ ശരിക്ക് കണ്ടില്ലെന്നായിരുന്നു യുവതി മൊഴി നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് യുവതി രഹസ്യമൊഴി നല്കിയത്.
മകന്‍ തെറ്റ് ചെയ്‌തെന്ന് സമ്മതിച്ച് പിതാവ് മുദ്രപ്പത്രത്തില്‍ എഴുതിക്കൊടുത്ത കത്തും യുവതി പുറത്തുവിട്ടു. കേസില്ലെന്നും പിന്മാറുകയാണെന്നുമുള്ള സത്യവാങ്മൂലം നിര്‍ബ്ബന്ധിച്ച് എഴുതിപ്പിച്ചതിന് പകരമായിട്ടാണ് പിതാവ് മകന്‍ കുറ്റക്കാരനാണെന്ന് കാണിച്ച് മുദ്രപ്പത്രം എഴുതി നല്‍കിയത്. മകനോ സുഹൃത്തുക്കളോ ഇനി ഒരു കുഴപ്പവും ഉണ്ടാക്കില്ലെന്നും മുദ്രപ്പത്രത്തില്‍ പറഞ്ഞിട്ടുണ്ട്. സാക്ഷികളായി ധനേഷിന്റെ അയല്‍വാസികളായ സുഹൃത്തുക്കളും ഒപ്പിട്ടിട്ടുണ്ട്.
കൊച്ചി നഗരത്തിലെ കോണ്‍വെന്റ് ജംക്ഷനില്‍നിന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ധനേഷ് മാഞ്ഞൂരാനെ പൊലീസ് അറസ്റ്റു ചെയ്തത്. നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ കടന്നു പിടിച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്. എന്നാല്‍ ധനേഷിനു കോടതിയില്‍നിന്നു ജാമ്യം കിട്ടി. ഇതിനു പിന്നാലെയാണ് മുന്‍വൈരാഗ്യത്തെ തുടര്‍ന്നു ധനേഷിനെതിരെ പൊലീസ് കളളക്കേസ് ചമയ്ക്കുകയായിരുന്നെന്ന ആരോപണവുമായി അഭിഭാഷക സംഘടന രംഗത്തെത്തിയത്. പൊലീസിനെതിരെ പരസ്യ പ്രതിഷേധ സമരവും പ്രഖ്യാപിച്ചു.
അഭിഭാഷകരുടെ സംഘടന സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സിറ്റി പൊലീസ് ഔദ്യോഗിക വിശദീകരണ കുറിപ്പിറക്കിയത്. ധനേഷ് മാഞ്ഞൂരാന്‍ യുവതിയെ കടന്നു പിടിച്ചെന്ന കേസില്‍ കളളക്കളി നടന്നിട്ടില്ലെന്നാണു വിശദീകരണക്കുറിപ്പില്‍ പൊലീസ് ആവര്‍ത്തിക്കുന്നത്. ധനേഷ് മാഞ്ഞൂരാനും ബന്ധുക്കളും ചേര്‍ന്നു യുവതിയെ കൊണ്ടു നിര്‍ബന്ധിച്ചു പരാതിയില്‍നിന്നു പിന്തിരിപ്പിക്കുകയായിരുന്നെന്നും മാധ്യമങ്ങള്‍ക്കു കൈമാറിയ വിശദീകരണ കുറിപ്പില്‍ പൊലീസ് ആരോപിക്കുന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസമില്ലാതിരുന്ന പരാതിക്കാരിയായ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഇംഗ്ലീഷില്‍ തയാറാക്കിയ രേഖകളില്‍ പ്രതിയും ബന്ധുക്കളും ഒപ്പു രേഖപ്പെടുത്തി വാങ്ങിയെന്നും പൊലീസ് കുറ്റപ്പെടുത്തുന്നു. കേസുമായി ബന്ധപ്പെട്ട നിലപാടില്‍ ഇരുവിഭാഗവും ഉറച്ചു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ നഗരത്തിലെ പൊലീസും അഭിഭാഷകരും തമ്മിലുളള ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാകുമെന്നുറപ്പാണ്.
https://www.facebook.com/Malayalivartha






















