സ്വര്‍ണ ബിസ്‌കറ്റിനു പകരം ചെമ്പ് ബിസ്‌കറ്റ് നല്‍കി, കബളിപ്പിച്ചയാളെ അന്വേഷിച്ച് പോയി വെട്ടിലായി

സ്വര്‍ണക്കടത്ത് സംഘത്തെ കബളിപ്പിച്ചയാളെ തട്ടിക്കൊണ്ടുപോകുന്നതിനിടെ ഇടപാടുകാര്‍ പോലീസ് പിടിയിലായി. സ്വര്‍ണക്കടത്ത് സംഘത്തിന് സ്വര്‍ണ ബിസ്‌കറ്റിനു പകരം ചെമ്പ് ബിസ്‌കറ്റ് നല്‍കിയാണ് പത്തനം തിട്ട കല്ലൂപ്പാറ കടമാംകുളം പണ്ടികശാലയില്‍ വീട്ടില്‍ സാം പി സാമുവല്‍ തട്ടിപ്പ് നടത്തിയത്.
സാം പി സാമുവലില്‍ നിന്ന് ബിസ്‌കറ്റ് വാങ്ങിയ കുന്നമംഗലം പടനിലം ചേന്നചാങ്കണ്ടി വീട്ടില്‍ അബ്ദുള്‍ സലാം, കൂട്ടാളികളായ വള്ളംകുളം കുരുമല ചക്കാടിശേരിയില്‍ അജീഷ്, പത്തനംതിട്ട മാത്തൂര്‍ മണ്ണില്‍ രാജേഷ്, പത്തനാപുരം കളഞ്ഞൂര്‍ വാഴവിള പുത്തന്‍വീട്ടില്‍ ജോബിന്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ സഹായികളായ ഇരവിപേരൂര്‍ കുറത്താട്ട്മണ്ണ് വീട്ടില്‍ രഞ്ജിത്ത്, അമീര്‍ എന്നിവര്‍ പിടിയിലാകാനുണ്ടെന്നു പോലീസ് പറഞ്ഞു.
സാം പി സാമുവലിനെ സുഹൃത്തുക്കളായ രഞ്ജിത്ത്, അമീര്‍ എന്നിവര്‍ മുഖേനയാണ് അബ്ദുള്‍ സലാം പരിചയപ്പെടുന്നത്. കഴിഞ്ഞ മാസം 13നാണ് പറഞ്ഞുറപ്പിച്ച പ്രകാരം മൂന്ന് സ്വര്‍ണ ബിസ്‌കറ്റുകള്‍ക്കായി ഒന്‍പത് ലക്ഷം രൂപ അബ്ദുള്‍ സലാം നല്കിയത്. പത്തനംതിട്ടയില്‍ വെച്ചായിരുന്നു കൈമാറ്റം. പണവുമായി പോയത് സുഹൃത്തായ അമീറാണ്. ഓട്ടോയില്‍ വെച്ചാണ് സാം ബിസ്‌ക്കറ്റ് കൈമാറിയത്. സമീപ സ്ഥലത്ത് തന്നെ അബ്ദുള്‍ സലാമും, രഞ്ജിത്തും കാത്ത് നില്പുണ്ടായിരുന്നു. തുടര്‍ന്ന് അമീര്‍ സ്ഥലത്തെത്തിയ ശേഷം ഇവര്‍ ബിസ്‌ക്കറ്റ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണത്തിന് പകരം ചെമ്പാണെന്ന് മനസിലായത്.
തുടര്‍ന്ന് സാമുവലിനെ ഭീഷണിപ്പെടുത്തിയപ്പോള്‍ പണം തിരികെ നല്‍കാമെന്ന്പറഞ്ഞെങ്കിലും അതുണ്ടായില്ല. പണം കിട്ടാതായതോടെ അബ്ദുള്‍ സലാമിന്റെ നാട്ടിലേക്ക് സാമുവലുമായി പോകുന്നതിനിടെയാണ് രാമങ്കരിയില്‍ വെച്ച് പോലീസ് പിടിയിലായത്.
കാറില്‍ നിന്നുള്ള ശബ്ദം കേട്ട് പോലീസ് ഇവരെ പിന്തുടരുകയായിരുന്നു. പ്രതികള്‍ക്കെതിരെ തട്ടികൊണ്ടുപോകല്‍, ദേഹോപദ്രവം, വിശ്വാസവഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അതേ സമയം ബിസ്‌കറ്റ് വാങ്ങിയ അബ്ദുള്‍ സലാം മലബാറിലെ സ്വര്‍ണകടത്ത് സംഘത്തില്‍ പെട്ട ആളാണെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha






















