കുമരകം ബോട്ട് അപകടം നടന്ന് 14 വര്‍ഷമായിട്ടും എങ്ങുമെത്താതെ അന്വേഷണ കമ്മിഷന്‍

പിഞ്ചു കുഞ്ഞടക്കം 29 പേരുടെ ജീവന്‍ പൊലിഞ്ഞ കുമരകം ബോട്ട് ദുരന്തത്തിന് നാളെ 14 വയസ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് നാരായണക്കുറുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് ജലരേഖയായി.2002 ജൂലായ് 27 ന് രാവിലെ 6.30 നായിരുന്നു ദുരന്തം. മുഹമ്മയില്‍നിന്ന് പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ എ 53ാം നന്പര്‍ ബോട്ടാണ് കായലില്‍ മുങ്ങിയത്. പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് പരിക്ഷയില്‍ പങ്കെടുക്കാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടെ ബോട്ടിലുണ്ടായ യാത്രക്കാരുടെ വന്‍ തിരക്കാണ് അപകടത്തിന് കാരണമായത്. 15 സ്ത്രീകളും 13 പുരുഷന്‍മാരും പിഞ്ചുകുട്ടിയുമാണ് മരിച്ചത്. ലൈസന്‍സും ഫിറ്റ്‌നസും ലഭിക്കാത്ത കാലപ്പഴക്കം ചെന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നൂറോളം പേര്‍ മാത്രം സഞ്ചരിക്കേണ്ട ബോട്ടില്‍ ഇരട്ടിയിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബോട്ടിലെ ജീവനക്കാരെമാത്രം പ്രതിയാക്കിയാണ് കുമരകം പോലീസ് കേസെടുത്തിരുന്നത്. ബോട്ട് സര്‍വീസ് യോഗ്യമല്ലെന്ന് കാട്ടി അപകടം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‌പേ ബോട്ട് മാസ്റ്ററായിരുന്ന രാജന്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. ഈ റിപ്പോര്‍ട്ട് അധികൃതര്‍ അവഗണിച്ചു. എന്നാല്‍ അപകട ശേഷം റിപ്പോര്‍ട്ട് നല്‍കിയ ജീവനക്കാരനോട് അധികൃതര്‍ വിശദീകരണം ചോദിച്ച് നടപടി സ്വീകരിക്കുകയായിരുന്നു. ചെറു മത്സ്യങ്ങള്‍ വലയില്‍ കുടുങ്ങുകയും സ്രാവുകള്‍ വലതകര്‍ത്തു പോകുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുതെന്ന് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശമുണ്ടായി. എന്നാല്‍ വിചാരണ നടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ജലഗതാഗത വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാരും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടതുമില്ല. കോട്ടയം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (മൂന്ന്)യില്‍ ഇതിനോടകം 50 സാക്ഷികളുടെ വിസ്താരമാണ് നടന്നത്. ഇനിയും 150 സാക്ഷികളെ വിസ്തരിക്കാനുണ്ട്. തേക്കടിയില്‍ പിന്നീടുണ്ടായ ബോട്ട് ദുരന്തത്തില്‍ ഉടമയായ സ്വകാര്യ വ്യക്തിയെ പ്രതിയാക്കി കേസെടുത്തിരുന്നു. എന്നാല്‍ കുമരകം ബോട്ട് ദുരന്തത്തില്‍ ജലഗതാഗത വകുപ്പിന്റെ അധികാരികള്‍ ആരും കേസില്‍ ഉള്‍പ്പെട്ടില്ല. മരണമടഞ്ഞ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ല. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് 5000 മുതല്‍ ഒരു ലക്ഷം രൂപ വരെ മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചത്. മുഹമ്മ ബോട്ട് ജെട്ടിയില്‍ നിര്‍മ്മിച്ച സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ദുരന്ത സ്മാരകമാക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
https://www.facebook.com/Malayalivartha






















