യുവാവിന്റെ നിരന്തര ശല്യം; നടപടിയെടുക്കാന്‍ പോലീസോ മറ്റാരുമോ തയ്യാറല്ല; വരുന്ന ചൊവ്വാഴ്ച്ച ആത്മഹത്യ ചെയ്യുമെന്ന് യുവതി

യുവാവിന്റെ ശല്യം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യുകയാണെന്ന് പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ കുറിപ്പ്. ശ്രീവിജി എന്ന പത്തനംതിട്ട സ്വദേശിനിയാണ് തനിക്ക് നീതി നിഷേധിക്കപ്പെട്ടെന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തന്നെ നിരന്തരം ഫേസ്ബുക്ക് വഴി ശല്യപ്പെടുത്തുന്ന യുവാവിനെതിരെ യാതൊരു നടപടിയും പോലീസ് കൈക്കൊള്ളുന്നില്ലെന്നും തനിക്ക് നീതി ലഭിക്കാന്‍ മരണം അനിവാര്യമെങ്കില്‍ അത് ചെയ്യാന്‍ തയ്യാറാണെന്നും യുവതി പറയുന്നു.
തിരുവനന്തപുരം സ്വദേശിയാണ് തന്നെ ശല്യപ്പെടുത്തുന്നതെന്നും ഇയാള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് യാതൊരു നടപടിയും ഇയാള്‍ക്കെതിരെ എടുക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഇയാള്‍ കാരണമാണ് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നതെന്നും യുവതി പറഞ്ഞു. ഞാന്‍ ഈ വരുന്ന ചൊവ്വാഴ്ച 27/9/2016 നു രാത്രി 10നും 11നും ഇടയ്ക്ക് ആത്മഹത്യ ചെയ്യും. അതിനു കാരണം തിരുവനന്തപുരം നെടുമങ്ങാട് ഊറ്റുകുഴി അഴകാത്ത് വീട്ടില്‍ ഷൈജു സുകുമാരന്‍ നാടാര്‍ എന്നയാളാണെന്ന് യുവതി വ്യക്തമാക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ നിലമ്പൂരില്‍ മരിച്ച ഡോക്ടര്‍ ഷാനവാസിന് ആദരാഞ്ജലികള്‍ അര്‍പിച്ച് കൊണ്ട് താനൊരു പോസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതായി യുവതി പറയുന്നു. അന്ന് മുതല്‍ തുടങ്ങിയതാണ് ഒരു കാരണവുമില്ലാതെ ഉള്ള ഇയാളുടെ സൈബര്‍ ആക്രമണമെന്നും യുവതി പറയുന്നു.
ഫെബ്രുവരി 16ന് ഇയാളുടെ പേരില്‍ ആറന്‍മുള പോലീസ് സ്‌റ്റേഷനില്‍ പരാതിയും കൊടുത്തതാണ്. പിന്നീട് കേസ് കോഴഞ്ചേരി സിഐ വിദ്യാധരന് കൈമാറി. പത്തനംതിട്ട സൈബര്‍ സെല്ലിലും പരാതി കൊടുത്തിരുന്നതായി യുവതി പറയുന്നു. പിന്നീട് കേസ് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നു എന്നു പറഞ്ഞ് ആഗസ്റ്റ് 8ാം തീയതി തിരുവനന്തപുരം സൈബര്‍ സെല്ലില്‍ നിന്നും എസ്‌ഐ അരുണ്‍ കുമാറും സൈബര്‍ സെല്‍ സിഐയും മൊഴിയെടുത്തതായി യുവതി പറയുന്നു.
എന്നാല്‍ തുടര്‍ന്നും ഇയാളില്‍ നിന്നും സൈബര്‍ ആക്രമണം നേരിട്ടതായി യുവതി കുറിക്കുന്നു. പക്ഷേ തോറ്റു പിന്‍മാറാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ മരിച്ചാല്‍ അതിനു കാരണക്കാര്‍ ഈ നാട്ടിലെ പോലീസും നിയമവും ഒക്കെയാണെന്നും യുവതി പറയുന്നുണ്ട്. സ്ത്രീകളെ സംരക്ഷിക്കാന്‍ നിയമത്തിനും നിയമപാലകര്‍ക്കും കഴിവില്ലെങ്കില്‍ പിന്നെ എന്തിനു ഈ നാട്ടില്‍ പോലീസും മന്ത്രിയും ഒക്കെയെന്നും ഇവര്‍ ചോദിക്കുന്നു.
എന്റെ ആത്മഹത്യ ഭീരുത്വം ആണെന്നും തോറ്റു കൊടുക്കലാണെന്നും നിങ്ങളൊക്കെ പറയും. പക്ഷേ ഇതെന്റെ പ്രതിഷേധമാണ്. എനിക്ക് നീതി കിട്ടണം. ഇവിടുത്തെ രാഷ്ട്രീയക്കാരനും പണമുള്ളവനും മാത്രം കിട്ടേണ്ട ഒന്നല്ല നീതി. ഈ നാട്ടില്‍ സമാധാനത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണിതെന്നും അങ്ങനെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ മരിക്കുകയാണ് നല്ലതെന്നും യുവതി ഫേസ്ബുക്കില്‍ പറയുന്നു.
https://www.facebook.com/Malayalivartha