കൊച്ചിക്കാരുടെ തലക്കു മുകളിലൂടെ കണ്ണഞ്ചും വേഗത്തില്‍ മെട്രോ പാഞ്ഞു; ഇനി യാത്രക്ക് അധികം കാലം കാത്തിരിക്കേണ്ടിവരില്ലെന്നു സൂചന

മെട്രോ പാഞ്ഞെത്തി കൊച്ചിക്കാര്‍ക്ക് ആവേശം. മുട്ടം മുതല്‍ പാലാരിവട്ടം വരെ കൊച്ചി മെട്രോ നടത്തിയ ട്രയല്‍ റണ്‍ വിജയം. ആലുവ മുട്ടം യാര്‍ഡില്‍നിന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു മൂന്നാം ഘട്ട ട്രയല്‍ റണ്‍. പദ്ധതിക്കായി കൊണ്ടുവന്ന ആദ്യ ട്രെയിന്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണ ഓട്ടം. മണിക്കൂറില്‍ പത്തു കിലോമീറ്റര്‍ വേഗത്തിലായിരുന്നു പാലാരിവട്ടത്തേക്കുള്ള യാത്ര. വന്ന അതേ ട്രാക്കിലൂടെ പാലാരിവട്ടത്തുനിന്നു മുട്ടത്തേക്കുള്ള മടക്കയാത്ര 30 കി.മീ. വേഗത്തിലായിരുന്നു. അതേ ട്രാക്കിലൂടെ പാലാരിവട്ടത്തേക്കുള്ള രണ്ടാം യാത്ര 30 കി.മീ. വേഗത്തിലും മടക്കം 70 കി.മീ. വേഗത്തിലുമായിരുന്നു. ആദ്യഘട്ട യാത്രാപാതയിലെ ട്രയല്‍ റണ്‍ വിജയമായെന്നു ഡിഎംആര്‍സിയും കെഎംആര്‍എല്ലും അറിയിച്ചു.
സുരക്ഷാ പരിശോധനകള്‍ക്കു മുന്നോടിയായാണ് ട്രയല്‍ റണ്‍ നടത്തിയത്. ട്രെയിനില്‍ ഉള്‍ക്കൊള്ളാവുന്ന യാത്രക്കാരുടെ ഭാരത്തിനു തുല്യമായി മണല്‍ചാക്കു നിറച്ചു ട്രയല്‍ റണ്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ സാങ്കേതികപ്രശ്‌നങ്ങള്‍ കണക്കിലെടുത്തു തീരുമാനം അവസാന നിമിഷം മാറ്റുകയായിരുന്നു. ആദ്യ വരവില്‍ പാലാരിവട്ടത്ത് അഞ്ചു മിനിറ്റ് നിര്‍ത്തിയിട്ട ശേഷമാണു ട്രെയിന്‍ മടങ്ങിയത്. പാലാരിവട്ടത്തും മറ്റിടങ്ങളിലും കെട്ടിടങ്ങള്‍ക്കു മുകളില്‍ മെട്രോ സഞ്ചാരം കാണാന്‍ ജനം തടിച്ചുകൂടി. ഒക്ടോബര്‍ അവസാനം വരെ തുടര്‍ച്ചയായി ട്രയല്‍ റണ്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
മെട്രോയുടെ ഏറ്റവും കൂടിയ ദീര്‍ഘദൂര ഓട്ടമാണിത്. 13 കിലോമീറ്റര്‍ ദൂരമാണ് ഇക്കുറി പിന്നിട്ടത്. കൊച്ചി മെട്രോയുടെ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി റെയില്‍വേയുടെ ഉന്നതതല സംഘത്തിന്റെ പരിശോധനകള്‍ തിങ്കളാഴ്ച തുടങ്ങും. റിസര്‍ച്ച്, ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍.ഡി.എസ്.ഒ.) പ്രതിനിധികള്‍ ഒക്ടോബര്‍ അഞ്ച് വരെ കൊച്ചിയിലുണ്ടാകും. ഈ പരിശോധനയ്ക്ക് മുന്നോടിയായാണ് ട്രെയിന്‍ ശനിയാഴ്ച പാലാരിവട്ടം വരെ ഓടിച്ചത്. സുരക്ഷാ പരിശോധനകളുടെ ഭാഗമായി ട്രയല്‍ റണ്‍ വരും ദിവസങ്ങളിലും തുടരും. അടുത്ത ദിവസങ്ങളില്‍ ഭാരം കയറ്റിയും ട്രയല്‍ റണ്ണുണ്ടാകും.
https://www.facebook.com/Malayalivartha