മാദ്ധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറിയ കള്ളന്‍ എഴുതിവച്ചിട്ടു പോയ കുറിപ്പിലെ വിരലടയാളം നോക്കി പൊലീസ് പൊക്കി

കള്ളന്റെ അതിബുദ്ധി വിനയായി. രാഷ്ട്രദീപിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് അതിരമ്പുഴ ശ്രീകണ്ഠമംഗലം മൂലേക്കരിയില്‍ ജോസ് ആന്‍ഡ്രൂസിന്റെ വീട്ടിലെ മോഷണത്തിന് തുമ്പുണ്ടാക്കിയത് കള്ളനെഴുതിയ കുറിപ്പ്. ഞാനൊരു കള്ളനാണ്. ദയവായി ശപിക്കരുത്. നിവൃത്തികേടുകൊണ്ട് നിങ്ങളുടെ കുറച്ചുപൈസ എടുക്കുന്നു....ക്ഷമിക്കണം!' ഓണാവധിക്ക് വീടുപൂട്ടി കുടുംബസമേതം വിനോദയാത്ര പോയ കുടുംബം വീട്ടിലെത്തിയപ്പോള്‍ ആദ്യം കണ്ടത് ഈ കുറിപ്പാണ്. അലമാര തുറന്നു നോക്കിയപ്പോള്‍ പറയുന്നതെല്ലാം ശരിയാണെന്നും വ്യക്തമായി.
തൊടുപുഴയ്ക്കടുത്ത് കോലാനി പാറക്കടവ് ഭാഗത്ത് പഴയലക്ഷംവീടു കോളനിയിലെ തൃക്കയില്‍ ടിഎസ് സെല്‍വകുമാറെന്ന സുരേഷായിരുന്നു കള്ളന്‍. കത്തിലെ വിരലടയാളമാണ് പൊലീസിന് തുണയായത്. മീശ മാധവന്‍ സിനിമയിലെ കള്ളനെ വെല്ലുന്ന കഥയാണ് ഇതോടെ പുറത്തുന്നവത്. മീശമാധവന്‍ എന്തെങ്കിലുമൊന്നില്‍ നോട്ടമിട്ട് മീശപിരിച്ചാല്‍ അത് പൊക്കിയിരിക്കുമെന്ന് പറഞ്ഞതുപോലെ സെല്‍വകുമാറിനുമുണ്ടൊരു നിശ്ചയദാര്‍ഢ്യം. കയറണമെന്ന് തീരുമാനിച്ചാല്‍ ഏതുവീട്ടിലും കയറിയിരിക്കും. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെമാത്രം അഞ്ചിലേറെ മോഷണങ്ങളിലായി അന്‍പത് ലക്ഷത്തിലധികം രൂപ സമ്പാദിക്കുകയും ആര്‍ഭാടമായി ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.
സ്വര്‍ണവും പണവുമുള്‍പ്പടെ മോഷ്ടിച്ചെടുത്ത് ആഡംബര ജീവിതം നയിക്കും. സ്ഥിരമായി ഒരിടത്തും താമസിക്കില്ല. രാപകല്‍ ഭേദമില്ലാതെ യാത്രചെയ്ത് ആളില്ലാത്ത വീടുകള്‍ കണ്ടെത്തും. പലതവണ ജയിലില്‍കിടന്നിട്ടും നിരവധി മോഷ്ടാക്കളെ കാണുകയും പരിചയപ്പെടുകയും ചെയ്തിട്ടും ഒറ്റയ്ക്കായിരുന്നു യാത്ര. കൂട്ടാളിയുണ്ടായാല്‍ റിസ്‌ക് കൂടും. എപ്പോഴെങ്കിലും തമ്മില്‍ കലഹിച്ചാല്‍ എല്ലാം പൊളിയും. അതുകൊണ്ട് ഏകാന്തത കൂടുതല്‍ സുരക്ഷിതമെന്ന് മനസിലാക്കി. മോഷ്ടിച്ചെടുക്കുന്ന പണംകൊണ്ട് അടിച്ചുപൊളിച്ചുജീവിക്കും.
9 വയസുവരെയുള്ള ബാല്യകാലം കോട്ടയം കുമാരനല്ലൂരിലായിരുന്നു. മാതാപിതാക്കളും നാലു സഹോദരിമാരുമുണ്ട്. അവിവാഹിതന്‍. ഇരുപതാം വയസില്‍ തൊഴില്‍രംഗത്ത്' പ്രശോഭിച്ചുതുടങ്ങി. നിരവധി തവണപിടിക്കപ്പെട്ടു. വിയ്യൂര്‍, കാക്കനാട്, പൂജപ്പുര തുടങ്ങിയ ജയിലുകളില്‍ 9 വര്‍ഷത്തോളം ശിക്ഷയനുഭവിച്ചിട്ടുണ്ട്. 100 രൂപയുടെ സാധനത്തിന് ചിലപ്പോള്‍ ആയിരങ്ങള്‍ എടുത്ത് വീശിയെന്നിരിക്കും. ലൈംഗികതൊഴിലാളികളായ സ്ത്രീകളുമായി ഇടപാടുകളുണ്ട്. ഇഷ്ടപ്പെട്ടാല്‍ അവര്‍ക്കും കൊടുക്കും ആയിരങ്ങള്‍. കീശകാലിയാകുന്ന മുറയ്ക്ക് അടുത്തമോഷണം നടത്തും.
ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതുകൂടി കഴിഞ്ഞാലേ സെല്‍വകുമാറിന്റെ വിശ്വരൂപം വ്യക്തമാകുകയുള്ളു.
https://www.facebook.com/Malayalivartha