ഇഡിക്കെതിരെ കൊല്‍ക്കത്ത പൊലീസ് എടുത്ത കേസിന് സുപ്രീംകോടതിയുടെ സ്‌റ്റേ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കൊല്‍ക്കത്ത പൊലീസ് എടുത്ത കേസ് സുപ്രീം കോടതി മരവിപ്പിച്ചു. ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐപാക്) ഓഫീസിലുണ്ടായ ഇഡി റെയ്ഡിനെ തുടര്‍ന്നാണ് കേസ്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്റാണ് ഐപാക്ക്.
ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസ് 20 കോടിരൂപ കള്ളപ്പണം ഗോവയില്‍ എത്തിച്ചതായും ആറ് പേര്‍ വഴി കൈമറിഞ്ഞാണ് പണം എത്തിയതെന്നും ഇഡി പറയുന്നു. ഈ കേസില്‍ ഐപാക് സ്ഥാപകന്‍ പ്രതീക് ജെയ്‌നിന്റെ പങ്കാണ് ഇഡി അന്വേഷിക്കുന്നത്. ഇതിനായി ഐ പാക്ക് ഓഫീസ് റെയ്ഡ് ചെയ്തു. അന്വേഷണത്തെ മമതാ ബാനര്‍ജി നേരിട്ട് തടസപ്പെടുത്തുന്നുവെന്നും ഇഡി ആരോപിക്കുന്നുണ്ട്. കേസിന്റെ തുടര്‍വാദം ഇനി ഫെബ്രുവരി മൂന്നിനാകും ഉണ്ടാകുക.
ബംഗാള്‍ ഡിജിപി രാജീവ് കുമാര്‍, കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ മനോജ് കുമാര്‍ വെര്‍മ്മ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആഭ്യന്തര മന്ത്രാലയം, കേന്ദ്ര പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ്, മമതാ ബാനര്‍ജി, ബംഗാള്‍ സര്‍ക്കാര്‍ എന്നിവരില്‍ നിന്നും കേസ് പരിഗണിച്ച ജസ്റ്റിസ് പ്രശാന്ത് മിശ്ര, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങുന്ന ബെഞ്ച് മറുപടി തേടി. പ്രശ്‌നത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലും കോടതി മറുപടി തേടിയിട്ടുണ്ട്.
പ്രഥമദൃഷ്ട്യാ ഇഡിയുടെ ഹര്‍ജിയില്‍ ഗൗരവകരമായ കാര്യങ്ങളുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിഷയത്തില്‍ സംസ്ഥാന ഏജന്‍സികളുടെ ഇടപെടലും അന്വേഷണവും ഗൗരവകരമാണെന്നാണ് കോടതി പറഞ്ഞത്. 'ഇവിടെ ഉയര്‍ന്നുവരുന്ന വലിയ ചോദ്യങ്ങളുണ്ട്. അതിന് ഉത്തരം ലഭിച്ചില്ലെങ്കില്‍ അത് നിയമരാഹിത്യത്തിലേക്ക് നയിച്ചേക്കും. ഗുരുതരമായ ഒരു കുറ്റകൃത്യം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനം വഴി അവ തടസപ്പെടുത്താമോ?'കോടതി ചോദിച്ചു. കേസില്‍ വാദം കേള്‍ക്കലിനിടെ കൊല്‍ക്കത്ത ഹൈക്കോടതിയിലുണ്ടായ അരാജകത്വത്തില്‍ വളരെ അസ്വസ്ഥതയുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























