ഹൈക്കോടതിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകരെ തടയരുതെന്ന് ചീഫ് ജസ്റ്റീസ്

ഹൈക്കോടതിയിലെത്തുന്ന മാധ്യമപ്രവര്‍ത്തകരെ ഒരു കാരണവശാലും തടയരുതെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അടക്കമുള്ള മുതിര്‍ന്ന ജഡ്ജിമാര്‍ അഭിഭാഷക അസോസിയേഷനോട് നിര്‍ദേശിച്ചു. അഭിഭാഷക അസോസിയേഷന്‍ ഇതുസംബന്ധിച്ച് പ്രസ്താവന നല്‍കണമെന്നും ചീഫ് ജസ്റ്റീസ് മോഹന്‍ എം ശാന്തനഗൌഡര്‍ നിര്‍ദേശിച്ചു.
തിങ്കളാഴ്ച വൈകിട്ട് മുതിര്‍ന്ന ജഡ്ജിമാരും ബാര്‍ അസോസിയേഷന്‍ പ്രതിനിധികളുമായി നടന്ന യോഗത്തിലാണ് ഈ നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം അഡ്വക്കറ്റ് ജനറല്‍ ചീഫ് ജസ്റ്റുസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ചീഫ് ജസ്റ്റീസാണ് അഭിഭാഷക പ്രതിനിധികളുമായി യോഗം വിളിച്ചുചേര്‍ത്തത്. ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച യോഗം ചേരുമെന്ന് അഭിഭാഷക അസോസിയേഷന്‍ അറിയിച്ചതായി അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് പറഞ്ഞു. യോഗത്തില്‍ ചീഫ് ജസ്റ്റീസിനെ കൂടാതെ മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റീസ് കെ ടി ശങ്കരന്‍, ജസ്റ്റീസ് ആന്റണി ഡൊമനിക്, ജസ്റ്റീസ് പി എന്‍ രവീന്ദ്രന്‍ എന്നിവരും അഡ്വക്കറ്റ് ജനറലും പങ്കെടുത്തു.
മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ തടഞ്ഞ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പകല്‍ 12.45നാണ് എജി ചീഫ് ജസ്റ്റീസുമായി കൂടികാഴ്ച നടത്തിയത്. ചീഫ് ജസ്റ്റീസിന്റെ ചേമ്പറിലായിരുന്നു ചര്‍ച്ച. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതില്‍ വിലക്കില്ലെന്നും മാധ്യമ ഉടമകളും അഭിഭാഷക പ്രതിനിധികളുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച തീരുമാനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റീസ് എജിയെ അറിയിച്ചു. ഇതിനു ശേഷമാണ് അഭിഭാഷക അസോസിയേഷന്‍ നേതൃത്വവുമായി മുതിര്‍ന്ന ജഡ്ജിമാര്‍ വീണ്ടും ചര്‍ച്ച ചെയ്തത്.
https://www.facebook.com/Malayalivartha


























