സുധീരനും മുല്ലപ്പള്ളിയും തമ്മില്‍ ഇന്ദിരാഭവനില്‍ പോര്‍വിളി, സുധീരനെ സഹിക്കാന്‍ കഴിയില്ലെന്ന് മുല്ലപ്പള്ളി, കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം അലങ്കോലമായി

കെ പി സി സി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പ്രസിഡന്റ് വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പിയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. സമിതിയുടെ രണ്ടാമത് യോഗം ചേര്‍ന്നപ്പോഴായിരുന്നു നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ത്തത്. സ്വാശ്രയ കോളേജ് സമരം വന്‍ വിജയമാണെന്ന് നേതാക്കള്‍ വിലയിരുത്തിയപ്പോള്‍ അത് പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ വിജയമാണെന്ന് സുധീരന്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ളവര്‍ ഇതൊക്കെ മനസിലാക്കണമെങ്കില്‍ വല്ലപ്പോഴും പാര്‍ട്ടി വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കണമെന്നും സുധീരന്‍ പറഞ്ഞത് മുല്ലപ്പള്ളിയെ ചൊടിപ്പിച്ചു.
എന്നാല്‍ തന്നെ വിമര്‍ശിക്കാന്‍ സുധീരനര്‍ഹതയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിമര്‍ശനം. സുധീരന്‍ ഒന്നുപറഞ്ഞാല്‍ പത്ത് പറയാന്‍ തനിക്കറിയാം. തന്നെക്കൊണ്ട് അതൊന്നും പറയിക്കാതിരിക്കുന്നതാകും നല്ലതെന്ന് മുല്ലപ്പള്ളി തിരിച്ചടിച്ചു. എന്നിട്ടും വിടാന്‍ സുധീരന്‍ കൂട്ടാക്കിയില്ല. മുല്ലപ്പള്ളിയേപ്പോലുള്ളവരെ അധ്യക്ഷനാക്കി എങ്ങനെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പ്രവര്‍ത്തിക്കുന്നുവെന്നായിരുന്നു സുധീരന്റെ അടുത്ത സംശയം. അതിനും മുല്ലപ്പള്ളി വിട്ടുകൊടുത്തില്ല. തന്റെ പ്രവര്‍ത്തനങ്ങളെ ഡല്‍ഹിയിലുള്ളവര്‍ വിലയിരുത്തുന്നുണ്ട്.
അതിനു തനിക്ക് സുധീരന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലന്ന് മുല്ലപ്പള്ളി പറഞ്ഞു. രാഷ്ട്രീയകാര്യസമിതിയുടെ ആദ്യ യോഗത്തിലും സുധീരനും മുല്ലപ്പള്ളിയും കൊമ്പുകോര്‍ത്തിരുന്നു. അന്ന് കെ ബാബുവിനെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തോട് പ്രതികരിക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടി മുല്ലപ്പള്ളിയായിരുന്നു സുധീരനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അത് മറ്റുള്ളവരും കൂടി ഏറ്റെടുത്തതോടെ ബാബു വിഷയത്തില്‍ സുധീരന് സ്വന്തം നിലപാട് വിഴുങ്ങേണ്ടി വന്നുവെന്ന് മാത്രമല്ല, പിറ്റേദിവസം മുതല്‍ ബാബുവിനെ ചുമലിലേറ്റെണ്ടിയും വന്നു.
സുധീരന് സ്വന്തം പ്രതിശ്ചായയാണ് പാര്‍ട്ടിയേക്കാള്‍ വലുത്. സുധീരന് പ്രതിശ്ചായ ഉണ്ടാവുകയല്ലാ പാര്‍ട്ടിയ്ക്ക് പ്രതിശ്ചായ ഉണ്ടാവുകയാണ് പ്രവര്‍ത്തകരുടെ ആവശ്യമെന്നും മുല്ലപ്പള്ളി തുറന്നടിച്ചിരുന്നു. എന്തായാലും അതോടെ ബാബുവിനെതിരെ പറഞ്ഞതും മൌനം പാലിച്ചതും സുധീരന് ബാധ്യതയായി മാറി. നിലപാട് മാറ്റി ബാബുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടാക്കിയ പ്രതിശ്ചായ നഷ്ടമാകുകയും ചെയ്തു.
https://www.facebook.com/Malayalivartha