ഭരണത്തിലെ മുറുമുറുപ്പ് രൂക്ഷമാകും: ഗീതയുടെ വരവില്‍ ഐസക്കിന് അതൃപ്തി

കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥിന്റെ വരവില്‍ ധനമന്ത്രി തോമസ് ഐസക്കിന് അതൃപ്തി. ഐസക്കുമായുള്ള ചര്‍ച്ചക്കിടയില്‍ അദ്ദേഹം തന്റെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
ഗീതാഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശ്ടാവാക്കി പിണറായി വിജയന്‍ നിയമിച്ചതില്‍ ധനമന്ത്രി തോമസ് ഐസക്ക് നീരസത്തിലായിരുന്നു. ധനമന്ത്രിയുള്ളപ്പോള്‍ സാധാരണ ആരും സാമ്പത്തിക ഉപദേശ്ടാക്കളെ നിയമിക്കാറില്ല. മാധ്യമവകുപ്പിന്റെ മന്ത്രി മുഖ്യമന്ത്രിയായതിനാല്‍ മാധ്യമ ഉപദേഷ്ടാവിനെ അദ്ദേഹത്തിനു നിയമിക്കാം. അതില്‍ സാങ്കേതികമായ യാതൊരു പിഴവുമില്ല.
നിയമോപദേഷ്ടാവിന്റെ നിയമനത്തില്‍ നിയമമന്ത്രി എ.കെ.ബാലന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നില്ല. കാരണം പിണറായിയുടെ അനിഷ്ടത്തിന് പാത്രമാകാന്‍ എ.കെ.ബാലനു താല്‍പ്പര്യമുണ്ടായിരുന്നില്ല. അതിനുള്ള ധൈര്യവും ബാലനില്ല. എന്നാല്‍ ഐസക്കിന്റെ കാര്യം അങ്ങനെയല്ല. ഐസക് പണ്ടേ ധനകാര്യ വിദഗ്ധനും ധനതത്വശാസ്ത്രത്തില്‍ അഗ്രകണ്യനുമാണ്.
ഐസക്കിന്റെ ഐഡിയോളജിയുമായി ഗീതാഗോപിനാഥിന് യാതൊരു ബന്ധവുമില്ല. ഹാര്‍വാഡാണ് ഗീതാഗോപിനാഥിന്റെ തട്ടകം. മന്‍മോഹന്‍ സിങ്ങിന്റെ തട്ടകവും ഹാര്‍വാഡായിരുന്നു. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പ്രയോക്താവാണ് ഗീതാഗോപിനാഥ്. ഐസക്കിന്റെ കരടു തത്വശാസ്ത്രവുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ല. ഐസക്കിനെ കാണുമ്പോള്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന സ്വഭാവവും ഗീതാഗോപിനാഥിനില്ല. ഐസക്ക് പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രി മാത്രമാണ്. അതിനുള്ള പ്രതിഫലം ഐസക്കിന് സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്. എന്നാല്‍ ഗീതാഗോപിനാഥ് ശമ്പളം വാങ്ങിയല്ല പിണറായി വിജയന്റെ ഉപദേശ്ടാവായി സേവനം അനുഷ്ടിക്കുന്നത്.
തോമസ് ഐസക്കിനെ മോശക്കാരനാക്കാനുള്ള പിണറായി വിജയന്റെ ബുദ്ധിയാണ് ഉപദേശ്ടാവ് നിയമനത്തിനു പിന്നിലുള്ളത്. ഇക്കാര്യം അറിഞ്ഞുക്കൊണ്ടാണ് ഗീതയുമായി ഒരു പരിധിയ്ക്കപ്പുറമുള്ള സഹകരണം വേണ്ടെന്ന് ഐസക്ക് തീരുമാനിച്ചിരിക്കുന്നത്. ഐസക്കുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ ഗീത ധാരാളം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നെങ്കിലും ഐസക്ക് നിശബ്ദനായി ഇരിക്കുകമാത്രമാണ് ചെയ്തത്. തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ വിവാദമാക്കുന്നതിന് പകരം നിശബ്ദമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് ഐസക്കിന്റെ തീരുമാനം. ഗീതാഗോപിനാഥിന് അവരുടെ വഴി തനിക്ക് തന്റെ വഴി എന്നാണ് ഐസക്കിന്റെ നിലപാട്.
https://www.facebook.com/Malayalivartha