തോല്‍വി ആവര്‍ത്തിച്ച് ബ്ലാസ്റ്റേഴ്സ്, കൊച്ചിയില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് ബ്ലാസ്റ്റേഴ്സ് തോറ്റു

ബ്ലാസ്റ്റേഴ്സിന് കൊച്ചിയിലും തോല്‍വി. ഗുവാഹത്തിയിലെ ഉദ്ഘാടന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റ കേരളാ ബ്ലാസ്റ്റേഴ്സ്, കൊച്ചിയിലെ പ്രഥമ മല്‍സരത്തില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയോടും അതേ സ്‌കോറിന് തോറ്റു. മല്‍സരത്തിന്റെ 53-ാം മിനിറ്റില്‍ ഹവിയര്‍ ലാറ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി സമ്മാനിച്ചത്. ഇതോടെ കൊല്‍ക്കത്ത നാലു പോയിന്റുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി അവസാന സ്ഥാനത്തക്ക് പതിച്ചു.
മല്‍സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച ഗോളെത്തിയത്. ഗോളെത്തുമ്പോള്‍ മല്‍സരത്തിന് പ്രായം 53 മിനിറ്റ്. ഇടവേളയ്ക്കുശേഷം കളി ചൂടു പിടിക്കുന്നതിനു മുന്‍പായിരുന്നു ഗോള്‍. അതും തീര്‍ത്തും അപ്രതീക്ഷിതമായി. പന്തുമായി മുന്നേറിയ കാര്‍ലോസ് ബെലന്‍കോസോ നീട്ടി നല്‍കിയ പന്ത് ഹവിയര്‍ ലാറയിലേക്ക്. പന്തുമായി ഏതാനും ചുവടുമുന്നോട്ടുവച്ച് ബോക്സിന് വെളിയില്‍നിന്നും ലാറ തൊടുത്ത ഷോട്ട് പ്രതിരോധനിരതാരം സന്ദേശ് ജിങ്കാന്റെ കാലില്‍ത്തട്ടി ഗതിമാറി വലയില്‍ കയറുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മേധാവിത്തം കണ്ട കളിയില്‍ ആരാധകരെ ഞെട്ടിച്ച ഗോള്‍.
മികച്ച ചില മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലര്‍ത്തിയ ആദ്യ പകുതി. ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചു തകര്‍ത്ത ഗോളും ഏതാനും മാറ്റങ്ങളും ചില നാടകീയ നിമിഷങ്ങളും നിറഞ്ഞ രണ്ടാം പകുതി. സീസണിലെ കൊച്ചിയിലെ പ്രഥമ മല്‍സരത്തിന്റെ ആകെ ചിത്രമിങ്ങനെ. അവസാന നിമിഷങ്ങളില്‍ ആരാധകരുടെ വന്‍ പിന്തുണയോടെ ബ്ലാസ്റ്റേഴ്സ് സമനില ഗോളിനായി സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഗോള്‍ നേടാനായില്ല. അധികസമയത്ത് രണ്ട് കോര്‍ണറുകള്‍ ലഭിച്ചെങ്കിലും അതും മുതലെടുക്കാനാകാതെ പോയതോടെ അനിവാര്യമായ തോല്‍വിയുമായി ബ്ലാസ്റ്റേഴ്സിന് മടക്കം. ഇനി ഞായറാഴ്ച ഇതേ വേദിയില്‍ ഡല്‍ഹി ഡൈനാമോസിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മല്‍സരം.
https://www.facebook.com/Malayalivartha