വനം മന്ത്രി രാജുവിന്റെ വാഹനം രണ്ടു യുവതികളെ ഇടിച്ചുതെറിപ്പിച്ചു, ഒരാളുടെ നില ഗുരുതരം

കൊല്ലത്ത് വനം മന്ത്രി കെ. രാജുവിന്റെ ഔദ്യോഗിക വാഹനം രണ്ടു യുവതികളെ ഇടിച്ചുതെറിപ്പിച്ചു. റോഡു മുറിച്ചുകടക്കാന്‍ ശ്രമിച്ച യുവതികളെയാണ് വാഹനം ഇടിച്ചത്. ഇതില്‍ ഒരാളുടെ നില അതിവ ഗുരുതരമാണ്.
രാമന്‍കുളങ്ങര കളരിക്കാട് സിന്ധു (38), ചാത്തന്നൂര്‍ മീനാട് എസ്.എസ്. നിവാസില്‍ ശില്‍പാ ദാസ് (18) എന്നിവരെയാണ് വാഹനം ഇടിച്ചത്. കൊല്ലം കാവനാട്, പൂവന്‍പുഴയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നാണ് സംഭവം. സിന്ധുവിനെ മന്ത്രിയുടെ കാറിലും ശില്പയെ പോലീസിന്റെ പൈലറ്റ് ജീപ്പിലും ജില്ലാ ആശുപത്രിയിലെത്തിച്ചു. അമിത വേഗതയുടെ പേരില്‍ ഡ്രൈവര്‍ ഗോപകുമാറിനെതിരേ പോലീസ് കേസെടുത്തു.
സിന്ധുവിന്റെ തലയ്ക്കു ഗുരുതര പരുക്കാണ്. മുളങ്കാടകം യു.ഐ.ടി വിദ്യാര്‍ഥിനി ശില്‍പാ ദാസ് ക്ലാസ് കഴിഞ്ഞു പൂവന്‍പുഴയിലെ കുടുംബവീട്ടില്‍ പോയശേഷം വീട്ടിലേക്കു ബസ് കയറാന്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു. ശില്‍പയെ ബസ് കയറ്റിവിടാന്‍ വന്നതാണു സിന്ധു. തിരുവനന്തപുരത്തുനിന്നു കരുനാഗപ്പള്ളിയിലേക്കു പോകുകയായിരുന്നു മന്ത്രി. യുവതികളുടെ ചികിത്സാ ചുമതല പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഏല്‍പ്പിച്ചശേഷം മന്ത്രി പോലീസ് ജീപ്പില്‍ മടങ്ങി. ഇടതുവശത്തെയും മുന്‍വശത്തെയും ചില്ലുകള്‍ തകര്‍ന്ന കാര്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനിലേക്കു നീക്കി.
https://www.facebook.com/Malayalivartha