കെഎസ്ആര്‍ടിസി ശമ്പള മുടക്കം: എസ്ബിടി 70 കോടി വായ്പ അനുവദിച്ചു

ദിവസങ്ങളായി ശമ്പള പ്രതിസന്ധി തുടരുന്ന കെഎസ്ആര്‍ടിസിക്ക് എസ്ബിടി 70 കോടി വായ്പ അനുവദിച്ചു. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് വിവിധ ഡിപ്പോകളില്‍ ജീവനക്കാര്‍ സമരം ശക്തിപ്പെടുത്തിയിരുന്നു. പ്രശ്‌നത്തിനു പരിഹാരമായതോടെ സമരം അവസാനിപ്പിക്കുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.
ബാങ്കില്‍നിന്നു വായ്പ ലഭിക്കുന്നതിലെ സാങ്കേതികതടസ്സം മൂലമായിരുന്നു കഴിഞ്ഞമാസം 30ന് കൊടുക്കേണ്ടിയിരുന്ന ശമ്പളം അഞ്ചുദിവസം മുടങ്ങിയത്. ചൊവ്വാഴ്ച മുതല്‍ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നതെങ്കിലും മൂന്നു ജില്ലകളില്‍ മാത്രമാണ് വിതരണം ചെയ്യാനായത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഭരണപക്ഷ സംഘടനകളിലേതടക്കമുള്ള തൊഴിലാളികള്‍ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ഇതോടെ ജില്ലകളിലെ സര്‍വീസുകള്‍ പലതും സ്തംഭിക്കുകയും ജനം വലയുകയും ചെയ്തു. ഇതിനിടെ ശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കൊല്ലത്ത് ഒരു ജീവനക്കാരന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ വൈകീട്ടോടെ ശമ്പളം ലഭിച്ചിരുന്നില്ലെങ്കില്‍ ഇന്ന് മറ്റു ജില്ലകളിലെ ബസ്സുകള്‍ ഡിപ്പോയില്‍ പ്രവേശിക്കുന്നതും തടയാനായിരുന്നു തൊഴിലാളി സംഘടനകളുടെ തീരുമാനം. കൊല്ലം ജില്ലയിലെ 9 ഡിപ്പോകളിലായി 650ലധികം സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഡിപ്പോകളിലും പത്തനംതിട്ട ജില്ലയിലെ എല്ലാ ഡിപ്പോകളിലും ജീവനക്കാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങി.
https://www.facebook.com/Malayalivartha