ബന്ധുത്വ നിയമനവിവാദം സര്‍ക്കാരിന്റെ പ്രിതിച്ഛായ മോശമാക്കി; ഗൗരവതരമായ അന്വേഷണം വേണമെന്ന് വി എസ് അച്യുതാനന്ദന്‍

ബന്ധു നിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ഇതേക്കുറിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ആദ്യമായാണ് വി എസ് പ്രതികരിക്കുന്നത്. സിപിഐ(എം) നേതാക്കളുടെ സ്വജന പക്ഷപാതത്തിന്റെ തെളിവാണ് ഇതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നേരത്തെതന്നെ രംഗത്തെത്തിയിരുന്നു.
കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രി ഇ.പി ജയരാജന്റെയും പ്രമുഖ സിപിഐ(എം) നേതാക്കളുടെയും മക്കളെയും ബന്ധുക്കളെയും നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. സിപിഐ(എം). കേന്ദ്രകമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ പി.കെ. ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചത് മുഖ്യമന്ത്രി ഇടപെട്ടതോടെ റദ്ദാക്കിയിരുന്നു. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി.
മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ചെറുമകന്‍ സൂരജ് രവീന്ദ്രനെ കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് മാനേജിങ് ഡയറക്ടറായും സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകന്‍ ജീവ് ആനന്ദനെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് എം.ഡിയായും മുന്‍ എംഎ!ല്‍എ. കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ഉണ്ണികൃഷ്ണനെ കിന്‍ഫ്ര ജനറല്‍ മാനേജറായും നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങള്‍ റദ്ദാക്കിയിട്ടില്ല.
അതേസമയം, ഇ.പി.ജയരാജനെതിരായ പരാതിയില്‍ വിജിലന്‍സ് പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. അന്വേഷണത്തിന്റെ ആവശ്യകത അദ്ദേഹം മുഖ്യമന്ത്രിയെ നേരിട്ട് ബോധ്യപ്പെടുത്തും. പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ നിയമോപദേശം തേടാനും വിജിലന്‍സ് തീരുമാനിച്ചു.
https://www.facebook.com/Malayalivartha