ഏഷ്യാനെറ്റ് ന്യൂസില്‍ ജോലി വേണമെങ്കില്‍ സംഘപരിവാര്‍ അനുകൂലിയാവണം; വിവാദ മെയില്‍ നിര്‍ദ്ദേശം പുറത്തായി

കാവിക്കാര്‍ക്കായി ചുരുങ്ങുന്നു ഏഷ്യാനെറ്റ്. രാജീവ് ചന്ദ്രശേഖര്‍ ചെയര്‍മാന്‍ ആയ മുഴുവന്‍ സ്ഥാപനങ്ങളിലും ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെ ഇനി ആര്‍എസ്എസ് ആശയമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്ന് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരന്റെ നിര്‍ദ്ദേശം. രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശ പ്രകാരം ജുപ്പീറ്റര്‍ കാപ്പിറ്റല്‍ കമ്പനി സിഇഒ അമിത് ഗുപ്ത എഡിറ്റോറിയല്‍ തലവന്മാര്‍ക്ക് ഇമെയിലാണ് നിയമനങ്ങള്‍ക്ക് ആര്‍എസ്എസ് ആശയം നിര്‍ബന്ധമാക്കിയുള്ള നിര്‍ദ്ദേശം നല്‍കിയത്.
ചെയര്‍മാന്റെ എല്ലാ കാഴ്ചപ്പാടുകളോടും യോജിക്കുന്നവരെ മാത്രമേ നിയമിക്കാവൂ എന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമായി പറയുന്നു. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതിയുള്ള ഏഷ്യാനെറ്റ് ന്യൂസ്, കടന്ന വാര്‍ത്താ ചാനലായ സുവര്‍ണ ന്യൂസ്, കന്നഡ പത്രം പ്രഭ, ഓണ്‍ലൈന്‍ മാദ്ധ്യമമായ ന്യൂസബിള്‍ എന്നിവയുടെ എഡിറ്റോറിയല്‍ തലവന്മാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇ മെയില്‍ വിവരങ്ങള്‍ ന്യൂസ് ലോണ്‍ഡ്രി പുറത്തുവിട്ടു. കര്‍ണാടകത്തില്‍നിന്ന് ബിജെപി നോമിനിയായി രാജ്യസഭയിലെത്തിയ രാജീവ് ചന്ദ്രശേഖറിനെ കഴിഞ്ഞ മാസം കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു.
ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രത്യയശാസ്ത്രവുമായി ചേര്‍ന്നു പോകുന്നവരെ മാത്രം ഇനി ഈ സ്ഥാപനങ്ങളിലേക്ക് നിയമിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഇതിന്റെ മാനദണ്ഡങ്ങളടങ്ങുന്ന ഈമെയിലാണിപ്പോള്‍ ന്യൂസ്ലോണ്‍ട്രി എന്ന മാദ്ധ്യമം പുറത്തുവിട്ടിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ രാജ്യത്തെയും സൈന്യത്തെയും അനുകൂലിക്കുന്നവരായിരിക്കണം, ചെയര്‍മാന്റെ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നവരായിരിക്കണം, ദേശീയതയിലും ഭരണത്തിലും അവഗാഹമുള്ളവരായിരിക്കണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍. ബിജെപിയോട് അനുഭാവം പുലര്‍ത്തുന്നവരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്.
സെപ്റ്റംബറിലാണ് കത്തയച്ചിട്ടുള്ളത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ കത്തിലെ നിര്‍ദ്ദേശങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഗുപ്ത മറ്റൊരു കത്ത് കൂടി അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 'ചെയര്‍മാന്റെ ആശയ'ത്തോട് വിയോജിപ്പുള്ള ചാനലിലെ തന്നെ ചില സീനിയര്‍ എഡിറ്റര്‍മാരുടെ എതിര്‍പ്പാണ് ഇതിന് കാരണമെന്നും ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ടില്‍ പറയുന്നു.
ചാനലില്‍ തന്നെ നരേന്ദ്ര മോദിക്കെതിരായ വാര്‍ത്തകള്‍ തടയപ്പെട്ടിരുന്നതായും ചില കേന്ദ്രങ്ങളെ ഉദ്ദരിച്ച് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്യുന്നു. ചാനലുകള്‍ക്ക് റിക്രൂട്ടിങ് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയതിനെ കുറിച്ച് ഗുപ്തയുമായി ബന്ധപ്പെടാന്‍ ന്യൂസ്ലോണ്‍ട്രി ശ്രമിച്ചപ്പോള്‍ തന്റെ ഇമെയില്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നുള്ള മറുപടിയാണ് ലഭിച്ചത്. ചാനലില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് നിര്‍ദ്ദേശം പിന്‍വലിക്കാന്‍ കാരണമെന്ന് വ്യക്തമാക്കുന്നതാണിത്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഡിഫന്‍സ് പാര്‍ലമെന്ററി സമിതിയിലും, പ്രതിരോധമന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടീവ് കമ്മിറ്റിയിലും ചന്ദ്രശേഖര്‍ അംഗമാണ്.
വാര്‍ത്താ ചാനല്‍ രംഗത്ത് ബഹുദൂരം മുന്നിലുള്ള ചാനല്‍ ഇങ്ങനെയൊരു മണ്ടത്തരത്തില്‍ ചെന്നു ചാടുമോ? ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ വൃത്തങ്ങള്‍ അറിയിച്ചു..
https://www.facebook.com/Malayalivartha
























