'കേസുകള്‍ വാദിക്കാന്‍ ആളൂര്‍; തമിഴ്‌നാട്ടിലെ സോളാര്‍ കമ്പനിയില്‍ പുതിയ ജോലി'; അഭ്യൂഹങ്ങള്‍ സ്ഥിരീകരിച്ച് സരിത

പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍ വീണ്ടും അവതരിച്ച് സരിത. സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിത എസ് നായര്‍ തന്റെ വക്കീലാകാനുളള അഭ്യര്‍ത്ഥനയുമായി അഡ്വ.ബി ആളൂരിനടുത്ത്. തന്റെ ഭാഗത്തുനിന്നുളള ന്യായം അവതരിപ്പിക്കാനുളള അനുയോജ്യനായ വ്യക്തി എന്ന നിലയിലാണ് ആളൂരിനെ സരിത സമീപിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേസുകളെല്ലാം വിചാരണയിലാണ്. പെരുമ്പാവൂര്‍ കേസ് ഏകദേശം അവസാനഘട്ടത്തിലും. അടിയന്തരമായി എടുക്കേണ്ട ചില നടപടികളും ആളൂരിനെ അറിയിച്ചിട്ടുണ്ടെന്നും സരിത വ്യക്തമാക്കി. സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിച്ചത് അഡ്വ. ആളൂരാണ്.
കേരളത്തില്‍ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസുകള്‍ നടക്കുന്നതിനിടയിലും സരിത എസ് നായര്‍ തമിഴ്‌നാട്ടിലെ സോളാര്‍ കമ്പനിയില്‍ ജോലിക്ക് കയറി. മധുരയിലെ ന്യൂ ഇറ എന്ന കമ്പനിയുടെ പ്രൊജക്ട് ഹെഡായാണ് സരിത ചുമതലയേറ്റിരിക്കുന്നതും. മാര്‍ക്കറ്റിങ് ജോലിയില്‍ നില്‍ക്കുമ്പോഴാണ് കേസില്‍ പെട്ടുപോയതെന്നും പുതിയ ജോലിയില്‍ സാങ്കേതിക മേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും സരിത പറഞ്ഞു.
രണ്ടു മെഗാവാട്ടിന്റെ ഗ്രിഡ് ഇന്ററാക്ടീവ് സോളാര്‍ പവര്‍ പദ്ധതിക്കാണ് മേല്‍നോട്ടം വഹിക്കുന്നത്. തമിഴ്‌നാട്ടില്‍ ഏകജാലക സംവിധാനമാണ് പദ്ധതികള്‍ക്കുളളതെന്നും കേരളത്തില്‍ വ്യവസായം നടത്തിയതിലും എളുപ്പമാണ് അവിടെയെന്നും സരിത അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























