ഐ.എസ് കേസ്: സുബ്ഹാനിക്ക് ഫോറന്‍സിക് പരിശോധന നടത്തി

ഐഎസ് ബന്ധത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്ത സുബ്ഹാനി മൊയ്ദീന്‍ ഹാജയെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. പിടിയിലാകുമ്പോള്‍ സുബഹാനിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. ഇത് യുദ്ധമുഖത്തുവച്ച് ഉണ്ടായതാണോയെന്നാണ് എന്‍ഐഎയുടെ സംശയം. ഇത് സ്ഥിരീകരിക്കാനാണ് പരിശോധന.
ഈ മാസം മൂന്നിന് തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ വച്ചാണ് ഐഎസ് ബന്ധം സംശയിച്ച് സുബഹാനി മൊയ്ദീന്‍ ഹാജയെ എന്‍ഐഎ പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയാണെങ്കിലും ഇയാളുടെ മാതാപിതാക്കള്‍ തൊടുപുഴയില്‍ സ്ഥിരം താമസക്കാരാണ്. ഇറാഖ് സിറിയ എന്നിവിടങ്ങളില്‍വച്ച് സുബഹാനിക്ക് ഐഎസ് ക്യാംപുകളില്‍നിന്ന് തീവ്ര പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇയാളാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി സംശയിക്കുന്നുണ്ട്.
മൊസൂളില്‍ പോര്‍മുഖത്തുവച്ച് സൃഹൃത്തുക്കളായ രണ്ടു ഐഎസുകാര്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് നേരില്‍ കണ്ടതോടെ സംഘടനയമായുള്ള ബന്ധം ഉപേക്ഷിച്ചെന്നാണ് സുബഹാനിയുടെ മൊഴി. ഇത് എന്‍ഐഎ വിശ്വസിക്കുന്നില്ല. പോര്‍മുഖത്ത് പരുക്കേറ്റതിനെ തുടര്‍ന്ന് ഐഎസിന്റെ മറ്റ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഏറ്റെടുക്കാന്‍ ഇടയായതാകാമെന്നാണ് നിഗമനം. പിടിയിലാകുമ്പോള്‍ സുബ്ഹാനി മൊയ്ദീന്‍ ഹാജയുടെ കാലുകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാസങ്ങള്‍ പഴക്കമുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. പലതും ഇപ്പോളും കരിഞ്ഞിട്ടില്ല. ഇതിനാലാണ് യുദ്ധമുഖത്തുവച്ച് പരുക്കേല്‍ക്കാനുള്ള സാധ്യത എന്‍ഐഎ കാണുന്നത്.
ആലപ്പുഴ ഫോറന്‍സിക് വിഭാഗത്തിലെത്തിച്ച ഇയാളെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള ദേഹപരിശോധനയ്ക്കും എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള റേഡിയോളജി പരിശോധനകള്‍ക്കും വിധേയമാക്കി. കേരള പൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായാണ് സുബഹാനിയെ വണ്ടാനം മെഡിക്കല്‍ കോളജിലെത്തിച്ച് പരിശോധനകള്‍ക്കുശേഷം മടക്കി കൊണ്ടുപോയത്. ഡല്‍ഹിയില്‍ സൈക്കോ അനാലിസിസ് പരിശോധന നടത്തിയ ശേഷമായിരുന്നു സുബ്ഹാനിക്ക് ഫൊറന്‍സിക് പരിശോധന
https://www.facebook.com/Malayalivartha
























