ചാനല്‍വാര്‍ കൊഴുക്കുന്നു; ജയരാജനെതിരായ മാതൃഭൂമി വാര്‍ത്ത; ആധികാരികത ചോദ്യം ചെയ്തുള്ള ചാനല്‍ ജേണലിസ്റ്റുകളുടെ എഫ്ബി പോസ്റ്റ് മാനേജ്‌മെന്റ് പിന്‍വലിപ്പിച്ചിച്ചു

വാലും തലയും നോക്കാതെ വാര്‍ത്ത പടച്ചുവിട്ട മാതൃഭൂമി മാനേജ്‌മെന്റ് ജയരാജന്‍ വിഷയത്തില്‍ പുലിവാല് പിടിച്ചു. ഇപി ജയരാജനെതിരായ തേക്ക് വാര്‍ത്തയിലെ ആധികാരികത ചോദ്യം ചെയ്ത് മാതൃഭൂമി ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത് വന്നതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശം. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി എന്‍ ഹര്‍ഷനും, തിരുവനന്തപുരം ബ്യൂറോ ചീഫ് മഹേഷ് ചന്ദ്രനുമാണ് വാര്‍ത്തയെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ചത്.
മാതൃഭൂമി വാര്‍ത്തയുടെ ആധികാരികത തന്നെ ചോദ്യം ചെയ്യുന്ന പത്ത് ചോദ്യങ്ങളായിരുന്നു ഹര്‍ഷന്റെ പോസ്റ്റില്‍. ഈ പോസ്റ്റിനെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 'വേട്ടയാടല്ല വാര്‍ത്ത, അര്‍ദ്ധ സത്യവുമല്ല..പതിനഞ്ച് വര്‍ഷം മുമ്പ് പഠിച്ചത്'.. എന്നായിരുന്നു മഹേഷ് ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'കരുവാകരുത്, അറിഞ്ഞോ അറിയാതെയോ' എന്ന മറ്റൊരു പോസ്റ്റും മഹേഷ് ചന്ദ്രന്‍ ഇട്ടിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഹര്‍ഷന്റേയും മഹേഷ് ചന്ദ്രന്റേയും പോസ്റ്റുകള്‍ പിന്‍വലിക്കപ്പെട്ടു.
വ്യവസായ മന്ത്രിയായിരിക്കെ ഇ പി ജയരാജന്‍ കുടുംബക്ഷേത്ര നവീകരണത്തിനായി സൗജന്യമായി കോടിക്കണക്കിന് രൂപയുടെ തേക്ക് മരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു മാതൃഭൂമി ന്യൂസ് നല്‍കിയിരുന്ന വാര്‍ത്ത.
തേക്ക് മരങ്ങള്‍ ആവശ്യപ്പെട്ടത് കുടുംബക്ഷേത്രത്തിന് വേണ്ടിയല്ലെന്നും, ഇരിണാവിലെ ക്ഷേത്രസമിതി നല്‍കിയ കത്ത് വനംമന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തത് എന്നായിരുന്നു ഇപി ജയരാജന്റെ വിശദീകരണം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതാണ് ഇരിണാവ് ചുഴലി ഭഗവതി ക്ഷേത്രം.
ഹര്‍ഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
1. ഇരിണാവ് ഇ പി ജയരാജന്റെ കുടുംബക്ഷേത്രമാണോ..?
2. ജയരാജന്റെ കുടുംബമാണോ ക്ഷേത്രം ഭരിയ്ക്കുന്നത്..?
3. മലബാര്‍ ദേവസ്വം ചുഴലി ക്ഷേത്രത്തെ ഏറ്റെടുത്തിട്ടില്ലേ..?
4. ക്ഷേത്രപുനരുദ്ധാരണത്തിന് സര്‍ക്കാര്‍ മരം അനുവദിയ്ക്കുമോ എന്ന് സാധ്യത തേടിയ ക്ഷേത്രഭരണസമിതിയുടെ നടപടി അസ്വാഭാവികമാണോ..?
5. കുറഞ്ഞ വരുമാനമുള്ള ക്ഷേത്രങ്ങളുടെ പട്ടികയില്‍ (ഡി ഗ്രേഡ് )മാത്രം ഉള്‍പ്പെടുന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ സഹായം തേടുന്ന ആദ്യത്തെ സംഭവമാണോ ഇത്...?
6. പ്രദേശവാസിയായ മന്ത്രിയോട് സഹായം തേടാനുള്ള ക്ഷേത്രം ഭരണസമിതിയുടെ തീരുമാനത്തില്‍ എന്തുതെറ്റാണുള്ളത്..?
7. ക്ഷേത്രത്തിന്റെ സഹായാഭ്യര്‍ത്ഥന വനം വകുപ്പ് മന്ത്രിയ്ക്ക് കൈമാറുകയാണോ അതോ വ്യവസായവകുപ്പിന് പ്രത്യേകിച്ച് വകുപ്പില്ലാത്ത വിഷയത്തില്‍ തീരുമാനമെടുക്കുകയാണോ ജയരാജന്‍ ചെയ്യേണ്ടിയിരുന്നത്..?
8. അതോ അപേക്ഷയുടെ സാധ്യത ആരായാന്‍ നില്‍ക്കാതെ ചവറ്റുകൊട്ടയില്‍ തള്ളണാരുന്നോ..?
9. തടി അനുവദിയ്ക്കാന്‍ വനംമന്ത്രിയ്ക്കുമേല്‍ ജയരാജന്‍ വഴിവിട്ട സമ്മര്‍ദ്ദം ചെലുത്തിയോ..?
10. 1050 ക്യുബിക് മീറ്റര്‍ മരത്തടി എന്നത് കട്ടന്‍സ് പണി അറിയാത്ത ഏതോ കോന്തന്‍ 1050 ക്യുബിക് ഫീറ്റ് എന്നതിന് പകരം കുറിച്ച കണക്കാണെന്ന് തിരിച്ചറിയാന്‍ റോക്കറ്റ് സയന്‍സ് പഠിയ്ക്കണോ...?
11. ഒന്നരക്കോടിയുടെ കണക്ക് ആ അപേക്ഷയില്‍ത്തന്നെ ഒള്ളപ്പോ മേല്‍പ്പറഞ്ഞ സംശയം ഏത് തിരക്കഥാകൃത്തിനും തോന്നേണ്ടതല്ലേ...?
ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്.....
12. കോന്നിയില്‍ നിന്ന വനംവകുപ്പിന്റെ തേക്ക് ശബരിമലയിലെ കൊടിമരത്തിനായി തറതൊടാതെ മലകയറിയ ഇനത്തില്‍ വനം വകുപ്പിന് വല്ലതും കിട്ടിയോ..?
പകല്‍ മുഴുവന്‍ യാത്രയിലായിരുന്നതുകൊണ്ട് പാതിരാവാര്‍ത്തയിലൂടെയും ഫേസ് ബുക്കിലൂടെയും മാത്രം കാര്യമറിഞ്ഞിട്ടാണ് ഇതെഴുതുന്നത്.
മാധ്യമങ്ങള്‍ക്കുമുന്നില്‍ ആരോപണം നിഷേധിച്ച ജയരാജന്റെ കണ്ണുകളുടെ എക്‌സ്ട്രീം ക്ലോസപ്പിലേയ്ക്ക് ക്യാമറാമാന്‍മാര്‍ ലെന്‍സ് തിരിച്ചത് ആ മനുഷ്യന്‍ ചിലപ്പോള്‍ കരഞ്ഞു പോയേക്കുമെന്ന് തോന്നിയതു കൊണ്ടാണെന്ന് അനുഭവ പരിചയത്തിലൂടെ തിരിച്ചറിഞ്ഞതു കൊണ്ടാണ് ഈ കുറിപ്പ്.
ചാഞ്ഞ മരത്തില്‍ പാഞ്ഞുകേറാം, പക്ഷേ കൊമ്പില്‍ കൂണ് മുളച്ചിട്ടുണ്ടോന്ന് നോക്കണം. അല്ലെങ്കില്‍ മരം വീഴുമ്പോ കേറിയവനും പോരും.
അതേസമയം ആരോപണത്തില്‍ ജയരാജന് ഇല്ലാത്ത കുടുംബക്ഷേത്രത്തെ ആസ്പദമാക്കി മാതൃഭൂമി ദിനപത്രത്തില്‍ കാര്‍ട്ടൂണ്‍ വരച്ചതില്‍ ഖേദം പ്രകടിപ്പിച്ച് കാര്‍ട്ടൂണിസ്റ്റ് ഗോപികൃഷ്ണന്‍. കാര്‍ട്ടൂണുമായി ബന്ധപ്പെട്ട് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നടന്ന ചര്‍ച്ചയിലാണ് ഗോപികൃഷ്ണന്‍ തനിക്ക് പറ്റിയ തെറ്റ് തിരുത്തിയത്. ഓണ്‍ലൈന്‍ പത്രങ്ങളില്‍ വരുന്ന വാര്‍ത്ത നോക്കിയാണ് ഇപ്പോള്‍ കാര്‍ട്ടൂണുകള്‍ വരക്കുന്നതെന്നും, കുടുംബക്ഷേത്രം എന്ന് അതിലാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























