കൊച്ചി -ബേപ്പൂര്‍ അതിവേഗ ബോട്ട്: പരീക്ഷണഓട്ടം അടുത്ത മാസം

വരുന്നു പറക്കും ബോട്ട്.കൊച്ചി-ബേപ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് അതിവേഗ ഹൈഡ്രോഫോയില്‍ ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണഓട്ടം അടുത്ത മാസം ആരംഭിക്കും. സെപ്തംബറില്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ബോട്ടുകളുടെ അറ്റകുറ്റപ്പണിയില്‍ നേരിട്ട കാലതാമസമാണ് തടസ്സമായത്. മാറ്റിവയ്ക്കാനുള്ള ചില യന്ത്രഭാഗങ്ങള്‍ ഉടന്‍ ഹോളണ്ടില്‍ നിന്ന് കൊച്ചിയില്‍ എത്തിക്കും.
സര്‍വീസ് നടത്താനുള്ള രണ്ട് അതിവേഗ ബോട്ടുകള്‍ ഗ്രീസിലെ ഏദന്‍സില്‍ നിന്ന് ജൂലൈയില്‍ കൊച്ചിയില്‍ എത്തിച്ചിരുന്നു. ഇവയില്‍ റഷ്യന്‍ പതാകയാണ് ഉണ്ടായിരുന്നത്. അത് മാറ്റി ഇന്ത്യന്‍ പതാക വഹിക്കാന്‍ ഷിപ്പിങ് രജിസ്ട്രാറുടെ അനുമതി ലഭിച്ചു. ബോട്ടുകള്‍ക്ക് വിമാനങ്ങളിലേതുപോലുള്ള സീറ്റുകള്‍ ഘടിപ്പിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ മര്‍ക്കന്റെയില്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ (എംഎംഡി) അനുമതി കൂടി ലഭിക്കണം. ഇതിന് നടപടികള്‍ പൂര്‍ത്തിയായി. പരീക്ഷണഓട്ടം നടത്തുമ്പോള്‍ റഷ്യന്‍ സാങ്കേതിക വിദഗ്ധര്‍ 15 ദിവസം സ്വദേശികളായ ഡ്രൈവര്‍മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും പരിശീലനം നല്‍കും. കൊച്ചി-ബേപ്പൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിച്ചതിനു ശേഷം ക്രമേണ വിഴിഞ്ഞത്തേക്കും വ്യാപിപ്പിക്കും. കൂടാതെ തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം കോവളത്തു നിന്ന് കന്യാകുമാരിയിലേക്കും സര്‍വീസ് നടത്താന്‍ ഉദ്ദേശ്യമുണ്ട്.
വിദേശമലയാളികളുടെ സ്ഥാപനമായ സേഫ് ബോട്ട്‌സ് ട്രിപ്പ് ആണ് സര്‍വീസുകള്‍ നടത്തുന്നത്. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊടുക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ തുറമുഖ വകുപ്പും സേഫ് ബോട്ട് ട്രിപ്‌സ് അധികൃതരും നേരത്തേ ഒപ്പുവച്ചു.ആധുനിക ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി തയ്യാറാക്കിയവയാണ് ബോട്ടുകള്‍. ബോട്ടിന്റെ അടിത്തട്ട് ജലോപരിതലത്തില്‍ നിന്ന് ഉയര്‍ത്തി നിര്‍ത്തി അതിവേഗത്തിലുള്ള സഞ്ചാരം സാധ്യമാക്കുന്നതാണ് ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യ. കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബോട്ടിന് മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗമുണ്ട്. ആധുനിക സൗകര്യമുള്ള ബോട്ടുകളില്‍ 130 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാം. എയര്‍കണ്ടീഷന്‍, വിഐപി ക്യാബിന്‍ തുടങ്ങിയ സ്‌കര്യങ്ങള്‍ ഉണ്ട്. തീരപ്രദേശങ്ങളിലും ഉള്‍ക്കടലിലെ കപ്പല്‍ചാലുകളിലും ഇത്തരം ബോട്ടുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്താം.
https://www.facebook.com/Malayalivartha
























