സര്‍ക്കാരിനു വിജിലന്‍സ് ഡയറക്ടറില്‍ വിശ്വാസം; ജേക്കബ് തോമസിനെ പുകച്ചു പുറത്തുചാടിക്കാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി; കെ.എം.എബ്രാഹാമിന്റെ പരാതി ഗൗരവപൂര്‍വ്വം പരിശോധിക്കും

ഡിജിപി ജേക്കബ് തോമസിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരിക്കാന്‍ പാടില്ലെന്നു കരുതുന്ന വലിയ ശക്തി നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ധനകാര്യ അഡി. ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് അനുവാദമില്ലാതെ പരിശോധന നടത്തിയെന്ന അദ്ദേഹത്തിന്റെ പരാതിയില്‍ വിജിലന്‍സ് ഡയറക്ടറോടു വിശദീകരണം തേടിയിട്ടുണ്ട്.
കെ.എം.എബ്രാഹാമിന്റെ പരാതി ഗൗരവപൂര്‍വ്വം പരിശോധിക്കും. നടപടിക്രമങ്ങള്‍ പാലിച്ചാണോ വിജിലന്‍സ് പരിശോധന നടത്തിയതെന്നും അന്വേഷിക്കും. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ചില വീഴ്ചകളുണ്ടായി എന്നാണു കാണുന്നതെന്നും എന്നാല്‍ ഇതിന്റെ പേരില്‍ ജേക്കബ് തോമസിനെ പുകച്ചു പുറത്തുചാടിക്കാന്‍ നോക്കേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ജേക്കബ് തോമസിനെതിരെ കോടതിയില്‍ കേസ് വരുമ്പോള്‍ സിബിഐ അങ്ങോട്ട് ആവശ്യപ്പെടുകയാണ് അന്വേഷിക്കാമെന്ന്. സിബിഐ അന്വേഷിക്കാമെന്ന് അങ്ങോട്ടു കയറി ആവശ്യപ്പെടുന്ന കേസുകളുടെ കാര്യം നമുക്കൊക്കെ അറിയാവുന്നതാണല്ലോയെന്നു മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിനു വിജിലന്‍സ് ഡയറക്ടറില്‍ വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹത്തിനുവേണ്ടി അഡ്വ. ജനറല്‍ കോടതിയില്‍ ഹാജരാകുന്നത്. വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനത്തിനു ചേരാത്ത നടപടി ജേക്കബ് തോമസില്‍നിന്ന് ഉണ്ടായതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിനു പരാതി ലഭിച്ചാല്‍ നേരിട്ടു പ്രാഥമിക അന്വേഷണം നടത്തുന്ന രീതി ഇനി ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പരിശോധിക്കും. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നറിയാന്‍ വസ്തുതകള്‍ കൃത്യമായി പരിശോധിച്ചശേഷം നിയമവശം പരിശോധിക്കും. വിജിലന്‍സ് ദുസ്വാധീനങ്ങള്‍ക്കു വഴങ്ങരുത്. കെ.എം.എബ്രഹാം മികച്ച ഉദ്യോഗസ്ഥനാണ്. അതിനാലാണ് അദ്ദേഹത്തെ ധനകാര്യവകുപ്പിന്റെ ചുമതലയേല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥ തര്‍ക്കത്തില്‍ ഭരണം സ്തംഭിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കവും പഴിചാരലും വര്‍ധിക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നതായാണ് അഡി. ചീഫ് സെക്രട്ടറിയുടെ പരാതിയെന്നും അദ്ദേഹം സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha
























