ബാബുവിന് ശേഷം ഇരിക്കൂര്‍ എംഎല്‍എ, മുപ്പത്തിമൂന്നു ലക്ഷം രൂപയുടെ അധിക വരുമാനം, ചക്കരക്കുടത്തില്‍ കൈയിട്ടു വാരിയ നേതാക്കളെ വിടാതെ വിജിലന്‍സ്, ജേക്കബ് തോമസിനെ പുകച്ചു പുറത്താക്കാനുള്ള ശ്രമം നടക്കില്ലെന്നു മുഖ്യന്‍

അധികാരമുപയോഗിച്ച് വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ കെ ബാബുവിനെതിരെ അന്വേഷണം നടക്കുന്നതിനിടയില്‍ മുന്‍മന്ത്രിയും ഇരിക്കൂര്‍ എംഎല്‍എ യുമായ കെസി ജോസഫിനെതിരെയും വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെസി ജോസഫിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവ് പുറപ്പെടുവിച്ചു. തലശ്ശേരി വിജിലന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കെസി ജോസഫ്, അദ്ദേഹത്തിന്റെ ഭാര്യ, മകന്‍ എന്നിവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാണ് കേസ്.
കെസി ജോസഫിന്റേയും ഭാര്യയുടേയും മകന്റേയും അഞ്ച് വര്‍ഷക്കാലത്തെ വരുമാനത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് നവംബര്‍ 29നകം റിപ്പോര്‍ട്ട് സമര്‍പിക്കാനാണ് കോഴിക്കോട് വിജിലന്‍സ് സെല്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കെസി ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്കും ഭാര്യക്കും ആകെ വരുമാനമായി കാണിച്ചിട്ടുള്ളത് 16,97,000 രൂപയാണ്. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ആകെ വരുമാനമായി ഒരു കോടി മുപ്പത്തി മൂന്ന് ലക്ഷത്തോളം രൂപയാണ് കാണിച്ചത്. ആദായ നികുതി വകുപ്പിന് കെ.സി ജോസഫ് നല്‍കിയ വാര്‍ഷിക വരുമാന കണക്ക് പ്രകാരം 97 ലക്ഷത്തി നാല്‍പത്തി മൂവായിരത്തി തൊള്ളായിരത്തി പത്ത് രൂപ മാത്രമാകണം അഞ്ച് വര്‍ഷത്തെ വരുമാനം. എന്നാല്‍ മുപ്പത്തി മൂന്ന് ലക്ഷം രൂപയുടെ അധിക വരുമാനം കെ.സി ജോസഫിന് ഉള്ളതായി കാണുന്നു.
ഇതില്‍ ബാങ്ക് നീക്കിയിരുപ്പ് കുറച്ചാലും വലിയ തുക അനധികൃത സമ്പാദ്യമായി മുന്‍ മന്ത്രിയുടെ കൈയിലുണ്ടെന്നാണ് പരാതി. ആദായ നികുതി വകുപ്പിന് കെസി ജോസഫ് നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് ബാങ്ക് ജീവനക്കാരിയായ ഭാര്യയുടെ ശമ്പളവും തന്റെ വരുമാനവുമല്ലാതെ മറ്റ് ആദായമൊന്നും ഇല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അനധികൃത വരുമാനം എങ്ങനെ വന്നു എന്ന് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.ഇരിട്ടി സ്വദേശിയായ കെഎ ഷാജി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ കെസി ജോസഫ് മന്ത്രിയായിരുന്ന കാലത്ത് മകന്റെ ബാങ്ക് അക്കൌണ്ട് വഴി നടന്ന വന്‍ തുക കൈമാറ്റവും കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതെ സമയം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള ആരോപണങ്ങളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നിലവിലെ സാഹചര്യത്തില്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുകച്ച് പുറത്ത് ചാടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നിയമ സഭയില്‍ മുഖ്യമന്ത്രി അറിയിച്ചു. പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിനു പരാതി ലഭിച്ചാല്‍ നേരിട്ടു പ്രാഥമിക അന്വേഷണം നടത്തുന്ന രീതി ഇനി ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പരിശോധിക്കും. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നറിയാന്‍ വസ്തുതകള്‍ കൃത്യമായി പരിശോധിച്ചശേഷം നിയമവശം പരിശോധിക്കും. വിജിലന്‍സ് ദുസ്വാധീനങ്ങള്‍ക്കു വഴങ്ങരുത്. കെ.എം.എബ്രഹാം മികച്ച ഉദ്യോഗസ്ഥനാണ്. അതിനാലാണ് അദ്ദേഹത്തെ ധനകാര്യവകുപ്പിന്റെ ചുമതലയേല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.ധനകാര്യ അഡി. ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് അനുവാദമില്ലാതെ പരിശോധന നടത്തിയെന്ന അദ്ദേഹത്തിന്റെ പരാതിയില്‍ വിജിലന്‍സ് ഡയറക്ടറോടു വിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രീ നിയമ സഭയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























