തിന്മകളുടെ മേല്‍ നന്മയുടെ ദീപങ്ങള്‍ തെളിച്ച് വിശ്വാസികള്‍ ദീപാവലി ആഘോഷിക്കുന്നു

നന്മയുടെ വിജയത്തെ ഉദ്‌ഘോഷിച്ചു ഇന്നു ദീപാവലി ആഘോഷിക്കും. പേരു സൂചിപ്പിക്കും വിധം ദീപങ്ങളുടെ നിര തീര്‍ത്താണ് ദീപാവലിയെ എതിരേല്‍ക്കുന്നത്. നിരനിരയായി അലങ്കരിച്ച മണ്‍ചിരാതുകളുടെ പ്രഭയില്‍ ഇരുള്‍ നീങ്ങുന്നതിനൊപ്പം തിന്മയുടെ മേല്‍ നന്മ വിജയിക്കുകയാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവം എന്നതാണ് ദീപാവലിയുടെ ഐതീഹ്യം. അതിനാല്‍ വീടും പരിസരവും ദീപാലങ്കൃതമാക്കാനുള്ള തിരക്കിലാണ് വിശ്വാസികള്‍.
അതിരാവിലെ എണ്ണതേച്ച് കുളിച്ചു മധുരം കഴിച്ചു പുതുവസ്ത്രങ്ങള്‍ അണിഞ്ഞു മുതിര്‍ന്നവരെ വണങ്ങിയും ക്ഷേത്രദര്‍ശനം നടത്തിയും ദീപാവലി ആഘോഷിക്കുന്നു. ആഘോഷത്തിനു മാറ്റു കൂട്ടാനായി പടക്കങ്ങള്‍ പൊട്ടിക്കുകയും വര്‍ണരൂപങ്ങള്‍ തീര്‍ക്കുകയും ചെയ്യുന്നുണ്ട്.അന്നേദിവസം വിവിധതരം വിളക്കുകള്‍കൊണ്ട് വീടുകള്‍ അലങ്കരിച്ച് ഒപ്പം പൂത്തിരിയും കമ്പിത്തിരിയും മത്താപ്പും അമിട്ടും വാണവും തറച്ചക്രവുമൊക്കെയായി പടക്കങ്ങളുടെ ശബ്ദവും കൂട്ടിന് ഉണ്ടാകും. ദീപാവലി മധുരം വാങ്ങുന്നതിലും സമ്മാനിക്കുന്നതിലും മലയാളികളും സജീവമാണ്. ബേക്കറികളെല്ലാം ഏതാനും ദിവസങ്ങളായിട്ട് ദീപാവലി മിഠായികള്‍ വില്‍ക്കുന്ന തിരക്കിലാണ്.
ഓരോ ആഘോഷങ്ങള്‍ക്കും പിന്നില്‍ ഓരോ തരം ഐതിഹ്യങ്ങളാണുള്ളത്. ശ്രീരാമന്‍ 14 വര്‍ഷത്തെ വനവാസം കഴിഞ്ഞു അയോധ്യയില്‍ തിരിച്ചെത്തിയതിന്റെ സന്തോഷമാണിത്. ചിലര്‍ ശ്രീരാമന്‍ രാവണനെ വധിച്ചു തിരിച്ചെത്തിയതിന്റെ ആഘോഷമായി ദീപാവലിയെ കാണുന്നു. ജൈനമത വിശ്വാസ പ്രകാരം മഹാവീരന്‍ നിര്‍വാണം പ്രാപിച്ചതിന്റെ സ്മരണയാണ് ദീപാവലി. നഗരത്തില്‍ മറ്റു സംസ്ഥാനക്കാരാണ് ദീപാവലി കാര്യമായി ആഘോഷിക്കുന്നത്. 
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി വേനല്‍ക്കാല കൊയ്ത്തിന്റെ സമൃദ്ധിയും നിറവും വിളിച്ചു പറഞ്ഞുകൊണ്ടാണ് ദീപാവലി ആഘോഷം കടന്നുവന്നത്. വിശ്വാസികളുടെ ഇച്ഛയ്ക്ക് അനുസരിച്ച് സീതയും രാമനും മഹാബലിയും പോലുള്ള ഐതിഹ്യമിത്തുകള്‍ കഥാപാത്രങ്ങളായി കടന്നു വരാറുണ്ടെങ്കിലും പൊതുവില്‍ ഇവയൊക്കെ തന്നെ കാര്‍ഷിക സമൃതികളുടേയും ധര്‍മപരിപാലനത്തിന്റെയും ജനകീയ ഉത്സവങ്ങളായാണ് മാറുന്നത്. 
ചേട്ടയെ ആട്ടിപ്പായിച്ച് പരിസരം വൃത്തിയാക്കി ഉത്സവത്തിന് കാത്തിരിക്കുന്ന കാഴ്ച ഓണത്തിലെന്നപോലെ ദീപാവലി നാളിലും കണ്ടുവരുന്നു. വിഷുക്കാലങ്ങളുടെ പടക്കമേളവും ഈ ആഘോഷങ്ങളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
https://www.facebook.com/Malayalivartha



























