അസാധുവായ നോട്ടുകള്‍ എങ്ങനെ മാറ്റിയെടുക്കാം?

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് മിക്ക ബാങ്കുകളിലും പണം മാറാനും നിക്ഷേപിക്കാനുമെത്തുന്നവരുടെ നീണ്ട ക്യൂവാണ്. പോസ്റ്റ് ഓഫിസുകളിലും നിരവധിപേര്‍ എത്തിയിട്ടുണ്ട്. എസ്ബിടി, എസ്ബിഐ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ എല്ലാ ബാങ്കുകളും നോട്ടുകള്‍ മാറുന്നതിനു പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അസാധുവായ പണമെങ്ങനെ മാറ്റാമെന്നും ഇനി പണമിടപാടുകള്‍ നടത്തുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും നോക്കാം
അസാധുവായ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫിസുകള്‍, ബാങ്ക് ശാഖകള്‍, സഹകരണ ബാങ്കുകള്‍, ഹെഡ് പോസ്റ്റ് ഓഫിസ്, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് നമുക്ക് മാറ്റിവാങ്ങാവുന്നതാണ്
ബാങ്കില്‍ പണം എത്രവേണമെങ്കിലും നിക്ഷേപിക്കാം. ആ തുകയ്ക്കു പരിധിയില്ല. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടതില്ല.. തിരിച്ചറിയല്‍ രേഖയോ സത്യവാങ്മൂലമോ വേണ്ട.
ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും അത്യാവശ്യക്കാര്‍ക്കും ഏതു ബാങ്ക് ശാഖയിലുമെത്തി തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കി 4000 രൂപ വരെ മാറ്റി വാങ്ങാനാകും. അക്കൗണ്ടില്ലാത്തവര്‍ക്ക് വേഗം അക്കൗണ്ട് തുടങ്ങി എത്ര തുക വേണമെങ്കിലും അക്കൗണ്ടില്‍ നിക്ഷേപിക്കാം. ആവശ്യമായ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും ഇതിനായി നല്‍കണം.
അസാധുവായ നോട്ടുകള്‍ കാഷ് ഡിപ്പോസിറ്റ് മെഷിന്‍ വഴി അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ സാധിക്കും പക്ഷെ കാഷ് ഡിപ്പോസിറ്റു മെഷീനുകള്‍ നാളെ മുതല്‍ക്കേ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങൂ. അപ്പോള്‍ ഓരോ ബാങ്കും എത്ര തുകയാണോ മെഷീന്‍ വഴി നിക്ഷേപിക്കാന്‍ പരിമിതപ്പെടുത്തിയിരിക്കുന്നത് അത്രയും തുക പഴയതു പോലെ നിക്ഷേപിക്കാം.
പണം കൈയിലില്ലാത്തവര്‍ മറ്റുള്ളവര്‍ക്ക് പണം കൈമാറാന്‍ ചെക്ക്, എടിഎം കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നീ സൗകര്യങ്ങള്‍ ഉപയോഗിച്ച് മറ്റ് അക്കൗണ്ടിലേക്കു പണം കൈമാറുകയും സാധനങ്ങള്‍ വാങ്ങുകയും ബില്ലുകള്‍ അടയ്ക്കുകയും ചെയ്യാം.
സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള ശാഖയില്‍ മാത്രമല്ല ഏത് ബാങ്ക് ശാഖയിലുമെത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി പണം മാറ്റി വാങ്ങാം. പക്ഷെ 4000 രൂപ വരെയേ ഇപ്പോള്‍ മാറ്റി വാങ്ങാനാവൂ. 4000 രൂപയ്ക്കു മേലുള്ള തുകയാണെങ്കില്‍ അക്കൗണ്ടിലേക്കു നിക്ഷേപിക്കാനേ കഴിയൂ. മറ്റു ബാങ്കുകളുടെ ശാഖയിലെത്തി 4000 രൂപയ്ക്കു മുകളിലുള്ള തുക നല്‍കിയാല്‍ അക്കൗണ്ടിലേക്കു ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ സംവിധാനം വഴി കൈമാറും.
അക്കൗണ്ടില്ലാത്തവര്‍ക്ക് ബന്ധുവിന്റെയോ സുഹൃത്തിന്റെയോ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കാം. ബന്ധുവോ സുഹൃത്തോ ഇതിനായി രേഖാമൂലം നല്‍കിയ അനുമതിപത്രം ബാങ്കില്‍ ഹാജരാക്കിയാല്‍ മതി. നിക്ഷേപിക്കുന്നയാളുടെ തിരിച്ചറിയല്‍ രേഖയും അത്യാവശ്യമാണ്.
പണം നിക്ഷേപിക്കാന്‍ അക്കൗണ്ട് ഉടമ തന്നെ ബാങ്കില്‍ നേരിട്ടെത്തുന്നതാണ് ഉചിതം. എന്നാല്‍, അതിനു കഴിയാത്തവര്‍ക്ക് അനുമതി പത്രം നല്‍കി പ്രതിനിധിയെ ബാങ്കിലേക്ക് അയയ്ക്കാം. ബാങ്കിലെത്തുന്നയാള്‍ തിരിച്ചറിയല്‍ രേഖയും കരുതിയിരിക്കണം.
പണം പിന്‍വലിക്കല്‍ പദ്ധതി അവസാനിക്കുന്ന ഡിസംബര്‍ 30 വരെ അസാധുവായ പണം തിരിച്ചേല്‍പ്പിക്കാം. അതിനു ശേഷം തിരഞ്ഞെടുത്ത റിസര്‍വ് ബാങ്ക് ഓഫിസുകളില്‍ മാത്രമേ പണം സ്വീകരിക്കൂ.
ഇപ്പോള്‍ വിദേശത്തുള്ളവര്‍ക്ക് പണം ബാങ്കിലെത്തിക്കാന്‍ നാട്ടിലുള്ള ആരെയെങ്കിലും അധികാരപത്രം നല്‍കി ചുമതലപ്പെടുത്തുക. അയാള്‍ തിരിച്ചറിയല്‍ കാര്‍ഡും അധികാരപത്രവുമായി ബാങ്കിലെത്തി അക്കൗണ്ടില്‍ പണം നിക്ഷേപിക്കണം.
സര്‍ക്കാര്‍ ആശുപത്രികളിലും ഫാര്‍മസികളിലും അസാധുവായ നോട്ടുകള്‍ നാളെ വരെ സ്വീകരിക്കും. ബസ്, ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ക്കും ഇന്ധനം നിറയ്ക്കുന്നതിനും പഴയ നോട്ട് നല്‍കാം.
നോട്ട് കൈമാറുന്നതിനു ആധാര്‍, െ്രെഡവിങ് ലൈസന്‍സ്, വോട്ടര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ജീവനക്കാര്‍ക്കു നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും ഹാജരാക്കേണ്ടതാണ്.
അക്കൗണ്ടില്ലാത്തവരാണെങ്കില്‍ ദിവസം ഒരു തവണ 4000 രൂപ മാറ്റാം. എന്നാല്‍ പല ബാങ്കുകളിലായി കൂടുതല്‍ തവണ പണം മാറ്റാന്‍ പഴുതുണ്ട്. അക്കൗണ്ടുള്ളവര്‍ക്ക് എത്ര തവണയും പണം നിക്ഷേപിക്കാം.
കൈവശമുള്ള പണം ബാങ്കില്‍ കൊടുത്ത് മാറുമ്പോള്‍ മൂല്യം കുറയുകയൊന്നുമില്ല, കമ്മീഷനുമില്ല. മറ്റു ശാഖകളിലാണു നിക്ഷേപിക്കുന്നതെങ്കില്‍ ഓരോ ബാങ്കും നിശ്ചയിച്ചിട്ടുള്ള തുക മുന്‍പുള്ളതു പോലെ കമ്മിഷനായി ഈടാക്കും.
എടിഎം വഴി കിട്ടുന്ന 4,000 രൂപയേ ഒരു ദിവസം പിന്‍വലിക്കാനാവൂ. എന്നാല്‍ ബാങ്കില്‍ നേരിട്ടെത്തി പിന്‍വലിക്കാം . എന്നാല്‍ ഒരു ദിവസം 10,000 രൂപയും ഒരാഴ്ച ആകെ 20,000 രൂപയും പിന്‍വലിക്കാനേ കഴിയൂ.
ബാങ്ക് കൗണ്ടര്‍ വഴി ദിവസവും പിന്‍വലിക്കാവുന്ന പരമാവധി തുക 10,000 എന്ന പരിധി പഴയ നോട്ടുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനു മാത്രമാണോ ബാധകം. നിലവില്‍ ബാങ്ക് അക്കൗണ്ടിലുള്ള തുക പിന്‍വലിക്കുന്നതിനും ഈ പരിധി ബാധകമാണ്.
പോസ്റ്റ് ഓഫിസുകളിലെത്തി തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കി 4,000 രൂപ വരെ മാറിയെടുക്കാം. സ്വന്തം പേരിലെ പോസ്റ്റ് ഓഫിസ് അക്കൗണ്ടിലേക്ക് എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. പോസ്റ്റ് ഓഫിസ് അക്കൗണ്ടില്‍ പണമുള്ളവര്‍ക്ക് പരമാവധി 10,000 രൂപ വരെ ഒരു ദിവസം പിന്‍വലിക്കാമെങ്കിലും 100 രൂപ നോട്ടിന്റെ ലഭ്യതയനുസരിച്ചു മാത്രമേ പണം നല്‍കാനാകൂ എന്നാണ് അധികൃതരുടെ നിലപാട്.
രേഖയൊന്നുമില്ലാതെ ഒരാളോട് കടം വാങ്ങിയ രണ്ടു ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാം. എന്നാല്‍ വന്‍തുകയാണു നിക്ഷേപിക്കുന്നതെങ്കില്‍ ആദായ നികുതി വകുപ്പ് പിന്നീടു വിശദീകരണം തേടിയേക്കാം. അപ്പോള്‍ കാര്യകാരണ സഹിതം പണത്തിന്റെ ഉറവിടം തെളിയിക്കേണ്ടി വരും.
സപ്ലൈകോ ഔട്‌ലെറ്റുകളില്‍ അസാധുവായ നോട്ടുകള്‍ വാങ്ങില്ലെന്ന് അറിയിച്ചിട്ടുണ്ട്. 500, 1000 രൂപ നോട്ട് സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമേ സ്വീകരിക്കൂ. സ്വകാര്യ ആശുപത്രികളില്‍ എടിഎം കാര്‍ഡോ ഇന്റര്‍നെറ്റ് ബാങ്കിങ് സംവിധാനമോ ഉപയോഗിച്ച് പണം നല്‍കേണ്ടി വരും
2000 രൂപയുടെ പുതിയ നോട്ട് ബാങ്കുകളില്‍ എത്തിയിട്ടുണ്ടെങ്കിലും വിതരണം ചെയ്തു തുടങ്ങാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇന്നോ നാളെയോ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ബാങ്കുകള്‍ അറിയിച്ചു. 500 രൂപയുടെ പുതിയ നോട്ട് എന്നു വിതരണം ചെയ്തു തുടങ്ങുമെന്നു വ്യക്തമല്ല.
പഴയ നോട്ട് ഉപയോഗിച്ച് ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാം . എടിഎം കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുന്നതിനും സാധനങ്ങള്‍ വാങ്ങുന്നതിനും പരിധികളൊന്നുമില്ല. അക്കൗണ്ടിലെ പണം തീരും വരെ ബില്ലടയ്ക്കാനും സാധനങ്ങള്‍ വാങ്ങാനുമൊക്കെ എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാം. എന്നാല്‍ എടിഎമ്മില്‍ നിന്നു കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനു പരിധിയുണ്ട്.
https://www.facebook.com/Malayalivartha


























