ഏഴരക്കോടി രൂപയുടെ പുതിയ നോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു, പിടിച്ചെടുത്തത് ഇന്ന് പുറത്തിറക്കിയ 2000ത്തിന്റെ നോട്ടുകള്‍

ഏഴര കോടി രൂപയുമായി പോകുകയായിരുന്ന വാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് സംഭവം. റിസര്‍വ്വ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2000ത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. ഇന്ന് വിതരണം ചെയ്യാനിരുന്ന പണമാണ് ഇത്. ബാങ്ക് ഓഫ് ബറോഡയുടെ പണമാണ് ഇത്. പണം പിടിച്ചെടുത്ത വാര്‍ത്ത തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജേഷ് ലഖോനി സ്ഥിരീകരിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ പണമാണിതെന്നും പണം കൊണ്ടുപോയ വാഹനത്തിന്റെ നമ്പര്‍ രേഖകളിലുള്ളതില്‍ നിന്ന് വ്യത്യസ്തമായതിനാലാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തഞ്ചാവൂരില്‍ ഈ മാസം 19ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. വോട്ടര്‍മാരെ സ്വാധീനിക്കാനായി വ്യാപകമായി പണം ഒഴുകി എന്നതിനാല്‍ തഞ്ചാവൂര്‍, അരവകുറിച്ചി എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നേരത്തെ കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് 2000ത്തിന്റെയും 500ന്റെയും പുതിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചത്. കൂടാതെ നിലവിലുണ്ടായിരുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിക്കുകയും ചെയ്തിരുന്നു. എങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.
https://www.facebook.com/Malayalivartha


























