സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ പുലിവാലു പിടിച്ചു: വസ്തു രജിസ്‌ട്രേഷനായി കൊണ്ടുവന്നത് 69,320 രൂപ നാണയങ്ങള്‍

വസ്തു റജിസ്റ്റര്‍ ചെയ്യാന്‍ കറന്‍സി നോട്ട് ഇല്ലാത്തതിനെ തുടര്‍ന്നു റജിസ്‌ട്രേഷന്‍ ഫീസ് 69,320 രൂപ നാണയമായി കെട്ടിവച്ചു മണക്കാട് വില്ലേജില്‍ രജിസ്‌ട്രേഷന്‍ നടത്തി. തിരുവനന്തപുരം ചാല സബ് രജിസ്ട്രാര്‍ ഓഫിസിലാണു 10 രൂപ നാണയം മൂന്നു ചാക്കിലാക്കി കുത്തിനിറച്ചു സജീന്ദ്രബാബു, ബിന്ദു എന്നിവര്‍ റജിസ്‌ട്രേഷനു ഫീസ് ഒടുക്കിയത്.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ എടുക്കില്ലെന്നു വന്നപ്പോള്‍ സജീന്ദ്രബാബുവിനു മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. നേരെ വീട്ടില്‍പോയി ചാക്കില്‍ കെട്ടിവച്ചിരിക്കുന്ന നാണയം കാറിന്റെ ഡിക്കിയില്‍ കയറ്റിക്കൊണ്ടുവന്നു. മുദ്രപത്രവും മറ്റും നേരത്തേ വാങ്ങിവച്ചിരുന്നതിനാല്‍ അതിനു പ്രശ്‌നമുണ്ടായില്ല.
മേലുദ്യാഗസ്ഥന്മാര്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ കഴിയില്ലല്ലോ . ജീവനക്കാരെല്ലാം കൂടി ഇരുന്ന് നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി. ചുരുക്കി പറഞ്ഞാല്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ ജീവനക്കാര്‍ പുലിവാലു പിടിച്ചു എന്നര്‍ത്ഥം. നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്താനായി മണിക്കൂറുകള്‍ വേണ്ടി വന്നു. എന്നാല്‍ ചെറിയൊരാശ്വാസമായത് നാണയങ്ങളെല്ലാം പത്തുരൂപ തുട്ടുകളായിരുന്നു എന്നതാണ്.
https://www.facebook.com/Malayalivartha


























